കാനത്തിന് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിൽ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ചിലയിടങ്ങളിൽ സി.പി.എമ്മുമായി നിലനിൽക്കുന്ന തർക്കം പരസ്പരം മത്സരിക്കുന്ന നിലയിലേക്ക് പോകരുതെന്ന് സി.പി.ഐ സംസ്ഥാന നിർവാഹകസമിതി യോഗത്തിൽ നിർദ്ദേശം. പ്രാദേശികമായുള്ള തർക്കങ്ങളിൽ മത്സരം സി.പി.എമ്മിനെതിരെ മത്സരിക്കണമെന്ന തീവ്രനിലപാട് ഉയരുകയാണെങ്കിൽ സംസ്ഥാന സെന്ററുമായി ചർച്ച ചെയ്യണം.
തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി നിർണയമടക്കം കാര്യമായ അസ്വാരസ്യങ്ങളില്ലാതെ പൂർത്തിയാക്കാനായെന്ന് യോഗം വിലയിരുത്തി. തുടർന്നങ്ങോട്ട് സർക്കാരിന്റെ വികസന നേട്ടങ്ങളുയർത്തിക്കാട്ടിയുള്ള പ്രചാരണം സജീവമാക്കാനാണ് തീരുമാനം.
ഓൺലൈൻ വഴിയുള്ള യോഗം തുടങ്ങി അര മണിക്കൂർ പിന്നിട്ടപ്പോൾ, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് അദ്ദേഹത്തെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു ദിവസമായി ജലദോഷ സംബന്ധമായ ബുദ്ധിമുട്ടുകൾ അലട്ടിയിരുന്നു. ഇന്നലെ ശ്വാസതടസ്സം അനുഭവപ്പെടുന്നെന്ന് പറഞ്ഞതോടെ എം.എൻ സ്മാരകത്തിലുണ്ടായിരുന്ന നേതാക്കൾ ആശുപത്രിയിൽ പോകാൻ അദ്ദേഹത്തെ നിർബന്ധിക്കുകയായിരുന്നു. പാർട്ടി കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രനും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ. പ്രകാശ് ബാബുവും സത്യൻ മൊകേരിയുമാണ് കാനത്തിന് പുറമേ ഉണ്ടായത്. ആശുപത്രിയിലേക്ക് പന്ന്യനും കാനത്തോടൊപ്പം പോയി. അവിടെ ഐ.സി.യുവിൽ പ്രവേശിപ്പിച്ച കാനത്തിന് അസ്വസ്ഥതകൾ മാറിയെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. എങ്കിലും നിരീക്ഷണത്തിലാണ്. ഇന്നോ നാളെയോ ആശുപത്രി വിട്ടേക്കും. കൊവിഡ് പരിശോധനാഫലവും നെഗറ്റീവാണ്.
പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എം.പി, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മായിൽ എന്നിവർ വേറെ കേന്ദ്രങ്ങളിലിരുന്ന് ഓൺലൈൻ യോഗത്തിൽ സംബന്ധിച്ചു.