ddd

തിരുവനന്തപുരം: നഗരത്തോട് ചേർന്നുള്ള ഗ്രാമ പഞ്ചായത്തിന്റെ ഭരണം തിരിച്ചുപിടിക്കാൻ തയ്യാറെടുക്കുന്ന പാർട്ടി എതിർപാർട്ടിയിലെ കിടിലത്തെ തോല്പിക്കാൻ ഒരു ജനകീയനെ തന്നെ രംഗത്തിറക്കി. മത്സരം ടൈറ്റാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരിക്കെ ജനകീയൻ പിൻവാങ്ങി !. വോട്ടർമാരുടെ ചെറിയ പ്രശ്‌നങ്ങളിൽ പോലും ഇടപെടുക, സ്വാർത്ഥലാഭം നോക്കാതെ പ്രവർത്തിക്കുക തുടങ്ങിയ പല ഗുണങ്ങളുമുള്ള നേതാവായിരുന്നു ഈ ജനകീയൻ. പോസ്റ്ററൊട്ടിക്കാതെ ചുവരെഴുത്തില്ലാതെ വീടുകൾ കയറിയിറിങ്ങി വോട്ടുപിടിച്ച് ജയിച്ച ചരിത്രവും അദ്ദേഹത്തിനുണ്ട്. ഇത്തവണ മത്സരിക്കാൻ വയ്യ, ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹം പാർട്ടി നേതാക്കളെ അറിയിച്ചു. തീരുമാനം മാറ്റി അണ്ണൻ കളത്തിലിറങ്ങണമെന്ന് യുവാക്കളും നിർബന്ധിച്ചു. സ്ഥിരമായി ജയിച്ചുവന്നിരുന്ന ജനകീയന് കഴിഞ്ഞ വർഷം ടിക്കറ്റ് നൽകാതെ പാർട്ടി നേതൃത്വം പറ്റിച്ചു. ആ സീറ്റിൽ പാർട്ടി തോൽക്കുകയും ചെയ്‌തു. എന്നിട്ടും അദ്ദേഹം പാർട്ടിയെ കൈവിട്ടില്ല. പതിവു ജനസേവനം തുടർന്നു. അദ്ദേഹം ഒഴിഞ്ഞതോടെ അവസാന നിമിഷങ്ങളിൽ വാർഡിലെ സ്ഥാനാർത്ഥിയെ കണ്ടെത്താൻ പാർട്ടിക്കാർ നേട്ടോട്ടമായിരുന്നു. ആ വാർഡിന്റെ പേരിൽ തന്നെ 'കുഴി'യുണ്ട്. ഇപ്പോൾ കുഴിയിൽ വീണ അവസ്ഥയിലാണത്രേ പാർട്ടിക്കാരും. ഇതേ പഞ്ചായത്തിലെ മറ്രൊരു വാർഡിൽ സ്ഥിരമായി വിപ്ളവപാർട്ടി സീറ്ര് നിഷേധിക്കുകയും അപ്പോഴൊക്കെ റിബലായി മത്സരിച്ച് ജയിക്കുകയും ചെയ്യുന്ന ഒരു ജനകീയൻ ഉണ്ട്. അദ്ദേഹം മാറിമാറി മത്സരിക്കുന്ന രണ്ടു വാർഡുകളും ഇത്തവണ സംവരണത്തിലായി. തൊട്ടപ്പുറവും ഇപ്പുറവും വാർഡുകളുണ്ട്. എല്ലാവർക്കും പരിചിതനുമാണ് ഇദ്ദേഹം. ഇത്തവണ പാർട്ടി ടിക്കറ്ര് ചോദിക്കാതെ തന്നെ നൽകി. ഒരു വാർഡിലെ സ്ഥാനാർത്ഥിയാക്കി. അവിടെയാകട്ടെ സ്ഥിരമായി വിജയിക്കുന്ന ആളാണ് പ്രധാന എതിരാളി. പോരാത്തതിന് ജയം ആവർത്തിച്ചാൽ പ്രസിഡന്റാകുമെന്ന് ടിയാൻ സ്വപ്‌നം കാണുകയും ചെയ്യുന്നു. പാർട്ടി ജനകീയനെ ചാവേറാക്കുകയാണെന്നാണ് എതിരാളികൾ പറയുന്നത്. എന്നാൽ ഒടുവിൽ ജെയിന്റ് കില്ലർ ആകുമെന്നാണ് അദ്ദേഹത്തിന്റെ കൂട്ടാളികളുടെ വിശ്വാസം.