തിരുവനന്തപുരം:കനത്ത മഴയിൽ നെയ്യാർ,പേപ്പാറ ഡാമുകളിൽ വെള്ളം പൊങ്ങി. ഡാമുകൾക്ക് ഉൾക്കൊള്ളാവുന്നതിനേക്കാൾ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്.രണ്ട് ഡാമുകളുടെയും ഷട്ടറുകൾ ഉയർത്തി. അതേസമയം അരുവിക്കര ഡാമിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ നാല് ഷട്ടറുകൾ അടച്ചു.ഇവിടെ രണ്ട് ഷട്ടറുകളാണ് ഉയർത്തിയിട്ടുള്ളത്.പേപ്പാറ ഡാമിന്റെ നാല് ഷട്ടറുകളാണ് ഉയർത്തിയത്. രണ്ട് ഷട്ടറുകൾ അഞ്ച് സെന്റിമീറ്റർ വീതവും രണ്ട് ഷട്ടറുകൾ 10 സെന്റീ മീറ്റർ വീതവുമാണ് ഉയർത്തിയത്.33 ശതമാനം അധിക മഴയാണ് ലഭിച്ചത്. പ്രധാന ഡാമുകളിലെല്ലാം വെള്ളം പൊങ്ങി.പേപ്പാറ ഡാമിൽ 107.5 മീറ്ററാണ് ഉൾക്കൊള്ളാവുന്ന വെള്ളത്തിന്റെ അളവ്.എന്നാൽ ഉയർന്നത് 107.40 മീറ്റർ വെള്ളവും. പരിധിക്കപ്പുറത്തേക്ക് വെള്ളത്തിന്റെ അളവ് ഉയർന്നതോടെയാണ് നാല് ഷട്ടറുകൾ തുറന്നത്.നെയ്യാർ ഡാമിൽ ഉൾക്കൊള്ളാവുന്ന വെളളത്തിന്റെ അളവ് 84.75 മീറ്ററാണ്. ഇവിടെ 84.01മീറ്റർ വെള്ളമുണ്ട്. റെഡ് അലർട്ട് പുറപ്പെടുവിക്കേണ്ട അവസ്ഥയാണ്.കഴിഞ്ഞ 12 മണിക്കൂറിനിടെയാണ് വെള്ളത്തിന്റെ അളവ് ഇത്രയും ഉയർന്നത്.അതിനാൽ ഡാമുകളിൽ നിന്ന് വെള്ളം ഒഴുക്കിവിടേണ്ടത് അത്യാവശ്യമാണെന്ന് വാട്ടർ അതോറിട്ടി എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. 28 മുതൽ ഡിസംബർ 4 വരെ കടുത്ത മഴയുണ്ടാകുമെന്നാണ് കരുതുന്നത്.