fastag

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുചക്ര വാഹനങ്ങൾക്ക് ഫിറ്റ്‌നസ് പരിശോധനയ്ക്കും രജിസ്‌ട്രേഷൻ പുതുക്കലിനും ജനുവരി ഒന്ന് മുതൽ ഫാസ്ടാഗ് പതിക്കേണ്ടി വരും.

ടാക്‌സി വാഹനങ്ങൾ നിശ്ചിത ഇടവേളകളിൽ പരിശോധനയ്ക്ക് ഹാജരാക്കണം. സ്വകാര്യ കാറുകൾക്ക് 15 വർഷത്തേക്കാണ് ആദ്യ രജിസ്‌ട്രേഷൻ. ഇതിന് ശേഷം അഞ്ച് വർഷത്തേക്ക് രജിസ്‌ട്രേഷൻ നീട്ടും. അതേസമയം, ജനുവരി മുതൽ ടോൾപ്ലാസകളിലെ പ്രവേശനം ഫാസ്ടാഗ് വഴിയാക്കിയാൽ പഴയ വാഹന ഉടമകൾ ബുദ്ധിമുട്ടും. ഓൺലൈൻ വഴിയും ബാങ്കുകളിൽ നിന്നും ഫാസ്ടാഗ് വാങ്ങാമെന്നതിനാൽ അവർക്കും സൗകര്യപ്രദമായി ഫാസ്ടാഗിലേക്ക് മാറാമെന്ന് അധികൃതർ പറയുന്നു.2017 ഡിസംബർ മുതൽ വിൽക്കുന്ന പുതിയ വാഹനങ്ങൾക്ക് ഫാസ്ടാഗ് പതിക്കുന്നുണ്ട്. .

ഫാസ്ടാഗ്

വാഹനങ്ങളിൽ ഒട്ടിക്കുന്ന റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സ്റ്റിക്കർ. വിൻഡ് സ്‌ക്രീനിൽ ഫാസ്ടാഗ് ഒട്ടിച്ച വാഹനം ടോൾ പ്ലാസയിലൂടെ കടന്നു പോകുമ്പോൾ തനിയെ ടോൾ ശേഖരിക്കപ്പെടുന്നു. വാഹനം നിറുത്തേണ്ടതില്ല. ഇലക്ട്രോ മാഗ്‌നെറ്റിക് ഫ്രീക്വൻസി പ്രീപെയ്ഡ് അക്കൗണ്ടിൽ നിന്ന് പണമെടുക്കുന്നു.


കിട്ടുന്ന സ്ഥലങ്ങൾ

*ടോൾ പ്ലാസകൾ-

വാഹനവുമായി ടോൾ പ്ലാസയിലെത്തണം. ആർ.സി ബുക്ക്, ആധാർ കാർഡ്/വോട്ടർ ഐ.ഡി വേണം. വാഹനത്തിൽ ഒട്ടിച്ച് തരും. പുതിയ വാഹനത്തിന് വിതരണക്കാർ ടാഗ് നൽകും.

* ബാങ്കിൽ നിന്ന്-

ഓൺലൈനായും തിരഞ്ഞെടുക്കപ്പെട്ട ബ്രാഞ്ചുകൾ വഴിയും ഫാസ്ടാഗ് ലഭ്യമാകും. ഓൺലൈനായി സ്വന്തമാക്കാൻ വാഹനത്തിന്റെ രണ്ട് ഫോട്ടോയും അനുബന്ധ രേഖകളും നൽകണം. ബാങ്കിലെ പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുന്ന തുക ടാഗിലേക്കാണ് പോകും.

നേരിട്ട്

* നേരിട്ട് ഫാസ്ടാഗ് നൽകുന്ന ബ്രാഞ്ചുകളിലെത്തി രേഖകൾ കൈമാറിയാൽ ഫാസ്ടാഗ് ലഭിക്കും. വാഹനം കൊണ്ടുപോകേണ്ടതില്ല.


ചെലവ്

500 രൂപയാണ് ചെലവ്. ഇതിൽ 200 രൂപ നിക്ഷേപവും 100 രൂപ ഫീസും 200 രൂപ ആദ്യത്തെ ടോൾ പ്രീപെയ്ഡ് ഫീസുമാണ്. ഓരോ തവണ വാഹനം കടന്നുപോകുമ്പോഴും തുക കുറഞ്ഞുകൊണ്ടിരിക്കും. മൊബൈലിൽ ആപ്പ് ഡൗൺലോഡ് ചെയ്ത് റീചാർജ് ചെയ്യാം