ldf-sabarimala

തിരുവനന്തപുരം: ഗെയ്ൽ പൈപ്പ് ലൈൻ പൂർത്തീകരണമടക്കം സർക്കാരിന്റെ നാലര വർഷത്തെ വികസന നേട്ടങ്ങളും, അത് തകർക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയക്കളികളും തദ്ദേശ തിരഞ്ഞെടുപ്പിൽ സി.പി.എം ആയുധമാക്കും. വികസന അട്ടിമറിക്കതിരെ ഇടതുമുന്നണി നേതൃത്വത്തിൽ ബഹുജനസമരം രൂപപ്പെടുത്താൻ ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.

കേരളത്തിൽ അടിസ്ഥാനസൗകര്യ വികസനം ആഗ്രഹിക്കുന്നവരെ ഒന്നിപ്പിച്ച് പ്രതിപക്ഷ നിലപാട് തുറന്നുകാട്ടിയാവും ബഹുജന സമരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.കേരളം ഇരുട്ടിലേക്ക് പോയാലും , വികസനം വരാതിരുന്നാൽ മതിയെന്ന സങ്കുചിത രാഷ്ട്രീയമാണ് പ്രതിപക്ഷത്തിന്. യു.ഡി.എഫും ബി.ജെ.പിയും ഇക്കാര്യത്തിൽ ഒരേ നിലപാടിലാണ്. കേരളത്തിന്റെ വികസനമാണ് പ്രതിപക്ഷത്തെ അലോസരപ്പെടുത്തുന്നത്. അതുകൊണ്ടാണ് കിഫ്ബി പോലെ മികവാർന്ന വികസന കാഴ്ചപ്പാടിനെയും ദുർബലപ്പെടുത്താൻ സി.എ.ജിയെ കൂട്ടുപിടിച്ച് ശ്രമിക്കുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാരിനെ ദുർബലപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമം എല്ലാ സീമകളും ലംഘിക്കുന്നു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എം.എൽ.എമാരെ വിലയ്ക്കു വാങ്ങി അധികാരം പിടിക്കാൻ ബി.ജെ.പി മികച്ച ആസൂത്രണവൈഭവമാണ് കാട്ടുന്നത്. കേരളത്തിൽ അതിന് കഴിയാത്തതിനാൽ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണ്. അധികാര ദുർവിനിയോഗത്തിനായി വിവിധ ഏജൻസികൾ വട്ടമിട്ട് പറക്കുന്നു. ഇ.ഡി തലവന് കാലാവധി നീട്ടിക്കൊടുത്തത് അക്കാര്യം വ്യക്തമാക്കുന്നു. രാഷ്ട്രീയ എതിരാളികൾക്കെതിരെ ഇ.ഡിയെയും സി.ബി.ഐയെയും ഉപയോഗിക്കുന്നു.

കേരള കോൺഗ്രസും എൽ.ജെ.ഡിയും മുന്നണി വിട്ടതോടെ, ദുർബലപ്പെട്ടതിന്റെ ക്ഷീണത്തിലും നിരാശയിലുമാണ് യു.ഡി.എഫ് തെറ്റായ രാഷ്ട്രീയ നിലപാടിലേക്ക് നീങ്ങുന്നത്. മുസ്ലിം മതമൗലികവാദികളുമായുള്ള അവരുടെ രാഷ്ട്രീയസഖ്യം ബോദ്ധ്യമാക്കപ്പെട്ടു. ബി.ജെ.പിയുമായുള്ള രഹസ്യബാന്ധവത്തിന്റെ വിശദാംശങ്ങൾ വരും നാളുകളിൽ വ്യക്തമാകും. യു.ഡി.എഫ് എത്തിച്ചേർന്ന രാഷ്ട്രീയ ജീർണ്ണതയുടെ ഉദാഹരണമാണ് രണ്ട് ലീഗ് എം.എൽ.എമാരുടെ അറസ്റ്റ്. കേന്ദ്രസർക്കാരിന്റെ ന്യൂനപക്ഷവിരുദ്ധ നിലപാടുകളെ പ്രതിരോധിച്ച സംസ്ഥാനമാണ് കേരളം. ജനങ്ങളോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിച്ച് സർക്കാരും മുന്നണിയും തുടർന്നും മുന്നോട്ട് പോകുമെന്നും വിജയരാഘവൻ പറഞ്ഞു.