malayinkil

മലയിൻകീഴ്: മലയിൻകീഴ് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്ര വക ആനയുടെ (വല്ലഭൻ) അമിതമായി വളർന്ന കൊമ്പ് മുറിക്കാനെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ, ദേവസ്വം അധികൃതരുമായുള്ള തർക്കത്തെ തുടർന്ന് പിന്മാറി. കൊമ്പിന്റെ നീളം ക്രമപ്പെടുത്തി മുറിക്കുക മാത്രമേ ചെയ്യൂവെന്ന ഫോറസ്റ്റ് അധികൃതരുടെ അഭിപ്രായത്തോട് ദേവസ്വം ബോർഡ് അധികൃതർ വിയോജിച്ചതാണ് തർക്കത്തിന് കാരണം. കൊമ്പ് മുറിക്കുന്നതോടൊപ്പം അഗ്രഭാഗം ആകൃതി വരുത്തണമെന്നതായിരുന്നു ദേവസ്വത്തിന്റെ നിർദ്ദേശം. എന്നാൽ ഫോറസ്റ്റ് വകുപ്പ് അതിന് തയ്യാറായില്ല. തുടർന്ന് കൊമ്പ് മുറിക്കാനെത്തിയ ഡോക്ടർ ഉൾപ്പെട്ട സംഘം മടങ്ങുകയായിരുന്നു. ഇക്കഴിഞ്ഞ 22നാണ് ദേവസ്വം ബോർഡ് ക്ഷേത്ര വക ആനയുടെ കൊമ്പ് മുറിക്കുന്നതിന് അപേക്ഷ നൽകിയിരുന്നത്. കൊമ്പ് ചെത്തി മിനുക്കി ആകൃതി വരുത്തിയില്ലെങ്കിൽ ആനയെ പരിചരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് പാപ്പാന്മാരായ വിക്രമനും ബിജുവും പറഞ്ഞു. എന്നാൽ ഉത്തരവ് പ്രകാരമുള്ള രീതിയിൽ മാത്രമേ കൊമ്പ് മുറിക്കാനാകൂവെന്നും അതിൽ വിട്ടുവീഴ്ചയില്ലെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫിസർ ദിവ്യ എസ്. റോസും അറിയിച്ചു. നാട്ടുകാരും ക്ഷേത്രോപദേശക സമിതി അംഗങ്ങളും ഉൾപ്പെടെ നിരവധി പേർ ക്ഷേത്രസന്നിധിയിലെത്തിയിരുന്നു. അപേക്ഷ വീണ്ടും നൽകാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.