kas2

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റിവ് സർവിസിൽ (കെ.എ.എസ്) ഓഫീസർ-ട്രെയിനി (സ്ട്രീം 1, സ്ട്രീം 2) തസ്തികയുടെ വിവരണാത്മക പരീക്ഷയ്ക്ക് തുടക്കം. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി നടന്ന എഴുത്തുപരീക്ഷ സിവിൽ സർവീസിന്റെ നിലവാരം പുലർത്തിയെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു.രണ്ട് സ്ട്രീമിലുമായി 3190 ഉദ്യോഗാർഥികളാണ് 19 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയത് രാവിലെ രാവിലെ 9.30 മുതൽ 12 വരെ നടന്ന ഒന്നാം പേപ്പറിൽ ചരിത്രം (ഇന്ത്യ, കേരളം, ലോകം), കേരളത്തിന്റെ സാംസ്കാരിക പൈതൃകം എന്നിവയെ ആസ്പദമാക്കി 100 മാർക്കിന്റെ 26 ചോദ്യങ്ങളായിരുന്നു. മൂന്ന്, അഞ്ച് മാർക്കിനായിരുന്നു ചോദ്യങ്ങൾ.ചോദ്യങ്ങൾ അടങ്ങിയ ബുക്ക്ലെറ്റിലായിരുന്നു ഉത്തരം എഴുതേണ്ടിയിരുന്നത്. അഞ്ച് മാർക്കിനുള്ള ചില ചോദ്യങ്ങൾക്ക് ഒന്നര പേജുകൾ നീക്കിവെച്ചപ്പോൾ അതേമാർക്കിനുള്ള ചില ചോദ്യങ്ങൾക്ക് അരപേജ് മാത്രമായിരുന്നു ലഭിച്ചത്. കേരള സംസ്കാരത്തിനായിരുന്നു ഒന്നാം പേപ്പറിൽ ഊന്നൽ.ഉച്ചയ്ക്ക് ശേഷം രണ്ടാം പേപ്പറിൽ 28 ചോദ്യങ്ങൾ. രാഷ്ട്രപതി ഭരണം രാജ്യത്തിന് അനുയോജ്യമാണോ, കേരള വികസന മാതൃകയെ വിമർശനാത്മകമായി വിലയിരുത്തുക, സംസ്ഥാന ഭരണത്തിൽ ഗവർണക്കുള്ള പങ്ക്, ഇന്ത്യയുടെ വിദേശനയം, പഞ്ചശീല തത്വവും ഇന്ത്യ- ചൈന ബന്ധവും, കൊവിഡ് -19 പോലുള്ള മഹാമാരികളെ ഭാവിയിൽ പ്രതിരോധിക്കുന്നതിന് ആരോഗ്യവകുപ്പിന് കൂടുതലായി എന്തൊക്കെ മുന്നൊരുക്കങ്ങൾ നടത്താം, ഇലക്ഷൻ കമ്മിഷന്റെ പ്രവർത്തനം, ഇന്ത്യൻ നവോത്ഥാനം രാജ്യത്തെ സ്ത്രീകളിൽ ചെലുത്തിയ സ്വാധീനം, കോളനിവത്കരണം, മുതലാളിത്തവ്യവസ്ഥിതി, ബ്രഹ്മോസ്, രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരിൽ ഒരാളെപ്പറ്റി എഴുതുക,പൊയ്കയിൽ അപ്പച്ചൻ എന്നിവരെക്കുറിച്ച് വിശദീകരിക്കുക തുടങ്ങിയ ചോദ്യങ്ങളായിരുന്നു രണ്ടാം പേപ്പറിൽ. രണ്ടുമണിക്കൂർ കൊണ്ട് 28 ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക വെല്ലുവിളിയായിരുന്നെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു.ഇന്ന് മൂന്നാം പേപ്പർ പരീക്ഷയാണ്. സാമ്പത്തിക ശാസ്ത്രം, ആസൂത്രണം, ഭൂമിശാസ്ത്രം എന്നിവ സംബന്ധിച്ച് 100 മാർക്കിന് രാവിലെ 9.30 മുതൽ 12വരെയാണ് പരീക്ഷ. ഓൺസ്ക്രീൻ മാർക്കിംഗ് മുഖേനയാണ് മൂല്യനിർണയം നടത്തുക. മാർച്ചിനുള്ളിൽ റാങ്ക്പട്ടിക പ്രസിദ്ധീകരിച്ച് നിയമന ശുപാർശ നൽകാനാണ് പി.എസ്.സി ശ്രമിക്കുന്നത്.