കേരള ബിരുദ പ്രവേശനം: സ്‌പോർട്സ് ക്വാട്ട റാങ്ക്‌ലിസ്റ്റായി
തിരുവനന്തപുരം: കേരള സർവകലാശാല ബിരുദ പ്രവേശനത്തിനുള്ള സ്‌പോർട്സ് ക്വാട്ട സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 25നാണ് കൗൺസലിംഗ്. വിദ്യാർത്ഥികൾ അന്ന് രാവിലെ 10.30ന് കോളേജുകളിൽ ഹാജരാകണം. എല്ലാ കോളേജുകളിലും എല്ലാ കോഴ്സുകൾക്കും ഒരേ ഷെഡ്യൂളിൽ തന്നെയാണ് കൗൺസിലിംഗ്. അതിനാൽ ഒന്നിൽ കൂടുതൽ കോളേജുകളുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കൗൺസലിംഗിൽ പങ്കെടുക്കാൻ രക്ഷാകർത്താവ്/പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താം. അഡ്മിഷന് ഹാജരാകുന്നവർ എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസൽ ഹാജരാക്കണം. പ്രതിനിധി ഹാജരാകുന്ന കോളേജിൽ ആണ് അഡ്മിഷൻ ലഭിക്കുന്നതെങ്കിൽ പ്രിൻസിപ്പൽ അനുവദിക്കുന്ന സമയത്തിനുള്ളിൽ വിദ്യാർത്ഥി നേരിട്ട് എത്തി അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി അഡ്മിഷൻ നടപടികൾ പൂർത്തിയാക്കണം. നിലവിൽ മറ്റേതെങ്കിലും കോളേജിൽ അഡ്മിഷൻ ലഭിച്ചിട്ടുളളവർ അഡ്മിറ്റ് മെമ്മോ ഹാജരാക്കണം. അഡ്മിഷൻ ലഭിക്കുന്നവർ യൂണിവേഴ്‌സിറ്റി അഡ്മിഷൻ ഫീസ് ഓൺലൈനായി അടയ്‌ക്കണം. ഇതിനുള്ള ലിങ്ക് കോളേജിൽ നിന്നും ആക്ടീവ് ആക്കി നൽകും. യൂണിവേഴ്‌സിറ്റി ഫീസിന്റെ വിശദാംശങ്ങൾ പ്രോസ്‌പെക്ടസിൽ നൽകിയിട്ടുണ്ട്. വിശദവിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റിൽ.
കേരള സർവകലാശാല പി.ജി സ്‌പോർട്സ് ക്വാട്ട പ്രവേശനം
തിരുവനന്തപുരം: കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള സ്‌പോർട്സ് ക്വാട്ട പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയായി.വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് വെരിഫിക്കേഷൻ സ്റ്റാറ്റസ് പരിശോധിക്കാം. പരാതിയുള്ളവർ നവംബർ 23 - നകം രേഖാമൂലം ഇ - മെയിൽ മുഖേനയോ (onlineadmission@keralauniversity.ac.in) നേരിട്ടോ പരാതി നൽകണം. ഈ പരാതികൾ പരിഗണിച്ച ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഫോൺ: 8281883052, 8281883053
പ്രവേശന തീയതി നീട്ടി
തിരുവനന്തപുരം: ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നൗ) ബിരുദ, ബിരുദാനന്തരബിരുദ, ഡിപ്ലോമ (സർട്ടിഫിക്കറ്റ്, സെമസ്റ്റർ ഒഴികെയുള്ള) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം 2020 നവംബർ 30 വരെ നീട്ടി. അപേക്ഷകൾ ഓൺലൈനായി https://ignouadmission.samarth.edu.in/ എന്ന വെബ്സൈറ്റിലൂടെയും ഓഫ്‌ലൈനായും സമർപ്പിക്കാം. ഓഫ്‌ലൈൻ അപേക്ഷ ഫോം ഇഗ്‌നൗ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് നിശ്ചിത തുകയ്ക്കുള്ള ഫീസ് ഡി.ഡിയായി അപേക്ഷയോടൊപ്പം റീജിയണൽ സെന്ററിലോ അടുത്തുള്ള സ്റ്റഡി സെന്ററിലോ സമർപ്പിക്കണം.
എൻജിനിയറിംഗ്, ഫാർമസി പ്രവേശന സമയം നീട്ടി
തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്ക് മോപ് അപ് അലോട്ട്മെന്റ് ലഭിച്ചവർക്ക് കോളേജുകളിൽ പ്രവേശനം നേടാനുള്ള സമയം 23ന് വൈകിട്ട് മൂന്നുവരെ നീട്ടിയതായി എൻട്രൻസ് കമ്മിഷണർ അറിയിച്ചു.
എം.എസ് കോഴ്‌സിൽ സീറ്റൊഴിവ്
തിരുവനന്തപുരം: ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ദ്വിവത്സര എം.എസ് കോഴ്‌സിലേക്ക് പട്ടിക വർഗ്ഗ വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ 24ന് ഉച്ചക്ക് ഒന്നിന് മുൻപ് കോളേജിൽ അപേക്ഷ സമർപ്പിക്കണം.അപേക്ഷാ ഫോറം കോളേജ് ഓഫീസിൽ നിന്നും രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വിതരണം ചെയ്യും. വില 55 രൂപ. ഫോൺ: 0471 2323964.