കേരളത്തിൽ തുലാവർഷം കഴിയുന്നതോടെയാണ് മഞ്ഞുകാലം തുടങ്ങുന്നത്.
നവംബർ അവസാനം മുതൽ ഫെബ്രുവരി പകുതി വരെ ഏതാണ്ട് ഇത് നീണ്ടുനിൽക്കും. രാത്രിയിലെയും അതിരാവിലെയും മഞ്ഞും തണുപ്പും പകൽ സമയത്തെ ശക്തമായ വെയിലും കാലാവസ്ഥയുടെ സവിശേഷതയാണ്.
പെട്ടെന്നുള്ള ഈ കാലാവസ്ഥ മാറ്റം പലവിധ അസുഖങ്ങൾക്കും കാരണമാകാറുണ്ട്.
നമ്മുടെ ശ്വാസനാളങ്ങളിലെ ശ്ലേഷ്മപാളികളാണ് രോഗങ്ങളെ പ്രധാനമായും പ്രതിരോധിക്കുന്നത്. തണുപ്പ് കാലത്ത് ഇവയിലെ ഈർപ്പം നഷ്ടപ്പെടുകയും വരളുകയും ചെയ്യുന്നു. ഇങ്ങനെ നഷ്ടമാകുന്ന പ്രതിരോധ ശേഷിയിൽ നിന്നാണ്
പല രോഗങ്ങളും ഉണ്ടാകുന്നത്.
ജലദോഷം, ഫ്ളൂ, തൊണ്ടപഴുപ്പ്, ആസ്ത് മ, നാസിക അലർജി, വിട്ടുമാറാത്ത ചുമ, തൊലിപ്പുറമേയുള്ള അസുഖങ്ങൾ എന്നിവയാണ് മഞ്ഞുകാലത്തെ പ്രധാന ആരോഗ്യപ്രശ്നങ്ങൾ.
ശൈത്യകാലത്ത് അന്തരീക്ഷത്തിലെ ഈർപ്പമേറുന്നതും ശരീരം പുതിയ കാലാവസ്ഥയുമായി പൊരുത്തപ്പെടാതെ വരുന്നതുമാണ് പല രോഗങ്ങൾക്കും കാരണം. അതുകൊണ്ടുതന്നെ ഈ തണുപ്പുകാലത്ത് ആരോഗ്യം പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഇക്കാലത്ത്. ജീവിത ശൈലിയിലൂടെയും വ്യക്തി ശുചിത്വത്തിലൂടെയും നമുക്ക് ആരോഗ്യവും രോഗപ്രതിരോധശേഷിയും കൂട്ടാൻ കഴിയും.
അലർജി, ജലദോഷം, സൈനസൈറ്റിസ്, ചെവിയിലെ പഴുപ്പ്, തൊണ്ടയിലെ അണുബാധ, ചുണ്ടുപൊട്ടൽ, മൂക്കിൽ നിന്നുള്ള രക്തസ്രാവം തുടങ്ങിയവയാണ് പ്രധാനമായി ഈ സമയത്ത് കാണുന്ന ചെവി, നാസികാ (ഇ.എൻ.ടി) രോഗങ്ങൾ.
തണുപ്പുകാലത്ത് അലർജി രോഗങ്ങൾ മൂർച്ഛിക്കുകയാണ് പതിവ്. തുടർച്ചയായുള്ള തുമ്മൽ, മൂക്കടപ്പ്, മൂക്കൊലിപ്പ്, കണ്ണിലും തൊണ്ടയിലും ചൊറിച്ചിൽ തുടങ്ങിയവയാണ് അലർജി രോഗങ്ങളുടെ പ്രധാന ലക്ഷണങ്ങൾ. അലർജി തുടർച്ചയായി നിൽക്കുകയാണെങ്കിൽ അത് ക്രമേണ മൂക്കിൽ ദശവളർച്ചയ്ക്ക് കാരണമാകും.
തണുപ്പുകാലത്ത് ജലദോഷം സാധാരണമാണ്. ജലദോഷം ഒരു പകർച്ച രോഗമാണ്. ഇതിനൊപ്പം പനി, കുറുകൽ, ശ്വാസംമുട്ട് എന്നീ ലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടേണ്ടതാണ് അത്യാവശ്യമാണ്.
ജലദോഷം വഷളാകുമ്പോൾ മൂക്കിന്റെ വശങ്ങളിലുള്ള വായു അറകളിൽ അണുബാധ പടരുന്ന അവസ്ഥയാണ് സൈനസൈറ്റിസ്
തലവേദന, മൂക്കിൽ നിന്നുള്ള പഴുപ്പ്, പനി എന്നിവയാണ് സാധാരണ രോഗലക്ഷണങ്ങൾ.
ചെവിയിലെ കർണപടത്തിന്റെ പുറകിൽ മദ്ധ്യകർണത്തിൽ അണുബാധയുണ്ടാകുകയും പഴുപ്പുകെട്ടുകയും ചെയ്യുന്നത് മഞ്ഞുകാലത്ത് കൂടുതലാണ്. പഴുപ്പിനൊപ്പം ചെവിവേദന, കേൾവിക്കുറവ്, പനി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
മുൻകരുതലുകൾ
· സമീകൃതാഹാരം പ്രധാനം. രോഗപ്രതിരോധശേഷി കൂട്ടാൻ പഴങ്ങൾ, പച്ചക്കറികൾ, മുളപ്പിച്ച ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
· ആവശ്യത്തിന് വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ആയാസരഹിതമായി ജോലി ചെയ്യാനും നിർജ്ജലീകരണം തടയാനും ദിവസവും 1.5 മുതൽ 2 ലിറ്റർ വരെ തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.
·വ്യായാമം നല്ലത്. ഒരു ദിവസം ശരാശരി 30മുതൽ 60 മിനിട്ട് വരെ വ്യായാമം ചെയ്യാൻ ശ്രദ്ധിക്കണം. അതോടൊപ്പം യോഗ, മറ്റ് കായിക പരിശീലനങ്ങൾ എന്നിവയും ശീലിക്കുന്നത് നല്ലതാണ്.
· വ്യക്തി ശുചിത്വവും പരിസര ശുചിത്വവും അനിവാര്യമാണ്.
· പ്രതിരോധ കുത്തിവയ്പ്പ് യഥാസമയം എടുക്കാൻ ശ്രദ്ധിക്കണം.
· സാമൂഹിക അകലം പാലിക്കണം. മാസ്ക് ഉപയോഗിക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കാനും മറക്കരുത്.
· പൊടിയെയും തണുപ്പിനെയും അകറ്റി നിർത്തണം.
· തണുത്ത ആഹാരങ്ങൾ, ജങ്ക് ഫുഡ് എന്നിവ ഒഴിവാക്കണം.
· മദ്യം, പുകവലി എന്നീ ദുശ്ശീലങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കുക.
· ചന്ദനത്തിരി, കൊതുകുതിരി തുടങ്ങിയവ കത്തിക്കുന്ന ശീലം ഉപേക്ഷിക്കുക.
കൊവിഡിനെതിരെയും വേണം ജാഗ്രത
കൊവിഡിനൊപ്പം നാട് മഞ്ഞുകാലത്തേക്കു കടക്കുമ്പോൾ വെല്ലുവിളികൾ ഏറെയാണ്.
തണുപ്പ് കാലത്താണ് വൈറസ് രോഗങ്ങൾ കൂടതൽ ശക്തിപ്രാപിക്കാറുള്ളത്. ഇത്തവണ വൈറൽ പനക്ക് പുറമേ കൊവിഡും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
അതുകൊണ്ടു തന്നെ വരാനിരിക്കുന്ന മാസങ്ങൾ കൊവിഡ് പ്രതിരോധത്തിൽ നിർണ്ണായകമാണ്. കൊവിഡ് വൈറസിന് ഏറ്റവും അനുകൂല സാഹചര്യം തണുപ്പു തന്നെയാണ്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് പൊതുവേ തണുപ്പു കുറവാണെങ്കിലും നവംബർ മുതൽ ജനുവരി വരെ മഞ്ഞുകാലമാണ്. ഈ കാലത്താണ് വൈറൽ രോഗങ്ങൾ കൂടുതലായി മുൻ വർഷങ്ങളിൽ പകർന്നത്. ഇതോടൊപ്പമാണ് ഇത്തവണ കൊവിഡ് വെല്ലുവിളിയായി നിൽക്കുന്നത്.
വൈറസ് ബാധിതരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടിവരും. ചെറിയ ചുമ പോലും നിസാരമായി കാണരുത്. കൊവിഡിന്റെ രണ്ടാം വരവ് ഒഴിവാക്കാൻ ജാഗ്രതയാണ് ആവശ്യം. ആഘോഷങ്ങളും ആർഭാടങ്ങളും ഉണ്ടാകുന്ന മുഴുവൻ പരിപാടികളും ഒഴിവാക്കിയാൽ ഒരു പരിധിവരെ രണ്ടാം വരവിനെ തടയിടാൻ കഴിയും.
മഞ്ഞുകാലം സംസ്ഥാനത്ത് ഉത്സവകാലം കൂടിയാണ്. മണ്ഡലകാലം, ക്രിസ്മസ്, പുതുവത്സരാഘോഷം, ആരാധനാലയങ്ങളിലെ ഉത്സവങ്ങൾ എന്നിവ മഞ്ഞുകാലത്താണ് നടക്കുന്നത്.
ഒരിക്കൽ വന്നവർക്കും മഞ്ഞുകാലത്ത് വീണ്ടും കൊവിഡ് വ്യാപിക്കാൻ സാദ്ധ്യതയുണ്ട്. രോഗം വന്നവരിൽ അടുത്ത ഏഴ് മാസത്തേക്ക് പ്രതിരോധ ശേഷിയിൽ കാര്യമായ വ്യത്യാസം അനുഭവപ്പെടും. സംസ്ഥാനത്ത് ഇതിനോടകം മൂന്ന് ലക്ഷത്തിൽ അധികം പേർക്ക്, അവരറിയാതെ കൊവിഡ് വന്നുപോയിട്ടുണ്ട്. ഇവർക്ക് രോഗം വീണ്ടും വരാനുള്ള സാദ്ധ്യത കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കണം.
ഡോ. അനുതമ്പി
ഇ.എൻ.ടി സർജൻ
എസ്.യു.ടി ആശുപത്രി, പട്ടം.