തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബൈക്ക് ഉപയോഗിക്കാനും ഇനി പൊലീസ് അനുമതി വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു. സ്വന്തം ബൈക്കിൽ സഞ്ചരിച്ച് വോട്ട് പിടിക്കണമെങ്കിൽ വരണാധികാരി നൽകുന്ന സ്റ്റിക്കർ പതിക്കണം. പൊലീസ് അനുമതിപത്രം പോക്കറ്റിലും കരുതണം.
വാഹനങ്ങളുടെ ചെലവ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധിയിൽ വരും. ഒരു സ്ഥാനാർത്ഥിയുടെ പേരിൽ പെർമിറ്റെടുത്ത വാഹനം മറ്റൊരു സ്ഥാനാർത്ഥി ഉപയോഗിക്കുന്നത് കുറ്റകരമാണ്. പെർമിറ്റില്ലാതെ ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കും. ഈ വാഹനങ്ങൾ പിന്നീട് പ്രചാരണത്തിന് ഉപയോഗിക്കരുത്. പ്രകടനം നടക്കുമ്പോൾ രാഷ്ട്രീയ കക്ഷിയുടെയോ സ്ഥാനാർത്ഥിയുടെയോ വാഹനത്തിൽ തിരഞ്ഞെടുപ്പ് പരസ്യം, കൊടി തുടങ്ങിയവ മോട്ടോർവാഹന നിയമത്തിലെ വ്യവസ്ഥകൾക്കനുസരിച്ചേ പ്രദർശിപ്പിക്കാവൂ.
പ്രത്യേക സുരക്ഷ അനുവദിച്ചിട്ടുള്ള വ്യക്തികൾക്ക് സർക്കാർ അനുവദിച്ച ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുപയോഗിക്കാം. ചെലവ് അതത് വ്യക്തികൾ വഹിക്കണം. പൊതുയോഗം നടത്തുന്ന സ്ഥലവും ജാഥ കടന്നുപോകുന്ന വഴിയും കാണിച്ച് ബന്ധപ്പെട്ട പൊലീസ് അധികാരിയിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം. ഉച്ചഭാഷിണി ഉപയോഗത്തിനും അനുമതി ആവശ്യമാണ്. രാത്രി പത്തു മുതൽ രാവിലെ ആറുവരെ പൊതുയോഗം, ജാഥ, ഉച്ചഭാഷിണി എന്നിവ പാടില്ല. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് മുതൽ പൊതുയോഗവും ജാഥയും പാടില്ല.
സർക്കാർസൗകര്യങ്ങൾ അനുവദിക്കുമ്പോൾ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും സ്ഥാനാർത്ഥികൾക്കും തുല്യഅവസരം നൽകണം.
പൊതുസ്ഥലമോ സ്വകാര്യ സ്ഥലമോ കൈയേറിയോ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലോ പാർട്ടികളും സ്ഥാനാർത്ഥികളും താത്കാലിക ഓഫീസുകൾ സ്ഥാപിക്കരുതെന്നും കമ്മിഷൻ നിർദ്ദേശിച്ചു.