sahakarana-varahosham

തിരുവനന്തപുരം: തൊഴിൽക്ഷാമം പരിഹരിക്കാൻ പശ്ചാത്തല വികസനം വേണമെന്നും ഇതിന് കിഫ്ബി അനിവാര്യമാണെന്നും മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. കൃത്യമായ ദീർഘവീക്ഷണത്തോടെയാണ് കിഫ്ബി മുന്നോട്ടു പോകുന്നത്. കിഫ്ബിയുടെ ആസ്തിയേക്കാൾ കുറഞ്ഞ തുക മാത്രമേ തിരിച്ചടവില്ലാത്ത മേഖലകളിൽ മുടക്കുന്നുള്ളൂ. കിഫ്ബിയും കേരള ബാങ്കും വന്നതോടെ കേരളത്തിന്റെ വികസനരംഗം വലിയൊരു വഴിത്തിരിവിലാണെന്നും മന്ത്രി പറഞ്ഞു. 67ാം സഹകരണ വാരാഘോഷ പരിപാടികളുടെ സംസ്ഥാനതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഹകരണ മേഖലയുടെ പണം ഉപയോഗിച്ചു പശ്ചാത്തല വികസനം നടത്താനാകില്ല. ബാങ്കുകളിൽ ഹ്രസ്വ കാലത്തേക്കാണു നിക്ഷേപം സ്വീകരിക്കുന്നത്. പശ്ചാത്തല വികസന മേഖലയിലേക്കു പണം കൊടുത്താൽ സഹകരണ മേഖല തകർന്നുപോകും. കിഫ്ബിയിലൂടെ മാത്രമേ പശ്ചാത്തല വികസനം സാദ്ധ്യമാകൂവെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ.കൃഷ്ണൻ കുട്ടി, സംസ്ഥാന സഹകരണ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ കോലിയക്കോട് കൃഷ്ണൻ നായർ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി എന്നിവർ സംസാരിച്ചു.