hari

 അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് ഇ.ഡി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് കേന്ദ്ര ഏജൻസികൾ നിർബന്ധിക്കുന്നതായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റേതായി പുറത്തുവന്ന ശബ്ദസന്ദേശത്തിന്റെ ഉറവിടവും ആധികാരികതയും അന്വേഷിക്കാതെ പൊലീസ് ഉഴപ്പുന്നു.

ശബ്ദസന്ദേശത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജയിൽ മേധാവി ഋഷിരാജ്സിംഗ് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയ്‌ക്ക് കത്ത് നൽകിയെങ്കിലും അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വേണ്ടെന്നാണ് തീരുമാനം. ശബ്ദം റെക്കാർഡ് ചെയ്തത് ജയിലിൽ വച്ചല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ സാഹചര്യത്തിൽ, ഋഷിരാജ് സിംഗിന്റെ പരാതി നിലനിൽക്കുന്നതല്ലെന്നാണ് വിശദീകരണം..

ജുഡിഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയുടെ ശബ്ദസന്ദേശം മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. പൊലീസ് ഉഴപ്പിയതോടെ, ശബ്ദരേഖയെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് ഇ. ഡി ജയിൽ മേധാവിക്ക് കത്ത് നൽകി. കസ്റ്റഡിയിലുള്ള പ്രതിയുടെ ശബ്ദരേഖ ചോർന്നത് കോടതിയെ അറിയിക്കാനാണ് ഇ.ഡിയുടെ നീക്കം.

ശബ്ദം തന്റേതാണെന്ന് സ്വപ്ന സമ്മതിച്ചെന്ന് വ്യാഴാഴ്ച തുറന്നുപറഞ്ഞ ജയിൽ ഡി.ഐ.ജി അജയകുമാർ, അന്വേഷണ റിപ്പോർട്ടിൽ നിലപാട് മാറ്റി. സ്വപ്നയുടെ ശബ്ദവുമായി സാമ്യം ഉണ്ടെങ്കിലും അത് സ്ഥിരീകരിച്ചിട്ടില്ലെന്നും അട്ടക്കുളങ്ങര ജയിലിൽ വച്ചല്ല റെക്കാർഡ് ചെയ്തതെന്നുമാണ് ജയിൽ ഡി. ജി. പിക്ക് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. ജയിൽ ഉദ്യോഗസ്ഥരാരും ഇന്നലെ മാദ്ധ്യമങ്ങളോട് സംസാരിച്ചില്ല.

കണ്ടുപിടിക്കാൻ

പ്രയാസമില്ല

@ശബ്ദരേഖ പുറത്തുവിട്ട പോർട്ടലിൽ നിന്ന് എഡിറ്റ് ചെയ്യാത്ത ഒറിജിനൽ ടേപ്പ് പിടിച്ചെടുക്കാം.

@ഫോറൻസിക് ലബോറട്ടറിയിലെ പരിശോധനയിൽ എന്ന്, എവിടെവച്ച് റെക്കാർഡ് ചെയ്തതെന്ന് കണ്ടുപിടിക്കാം.

@ശബ്ദത്തിൽ എഡിറ്റിംഗ് നടത്തിയതും റെക്കാർഡ് ചെയ്തത് എവിടെയെന്ന് വ്യക്തമാകാതിരിക്കാൻ കൂട്ടിച്ചേർക്കലുകൾ വരുത്തിയതും കണ്ടെത്താം

ഇ.ഡി സ്വന്തം

വഴിതേടും

പൊലീസ് അന്വേഷിച്ചില്ലെങ്കിൽ ശബ്ദരേഖയുടെ സത്യം കണ്ടെത്താൻ ഇ.ഡി കേന്ദ്ര ഫോറൻസിക് ലബോറട്ടറിയുടെയോ സി-ഡാക്കിന്റെയോ സഹായം തേടും. ഇ.ഡി കേസിലെ പ്രധാന പ്രതിയുടെ ശബ്ദരേഖ കേസുമായി നേരിട്ട് ബന്ധമുള്ളതായതിനാൽ അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡി കോടതിയെ സമീപിച്ചേക്കും.

ജുഡിഷ്യൽ കസ്റ്റഡിയിലുള്ള പ്രതിക്ക് ശബ്ദസന്ദേശം നൽകാനാവില്ല. ഇതിന് സൗകര്യമൊരുക്കിയതിന് ജയിൽ അധികൃതർ അന്വേഷണം നേരിടണം.

-ബി.ജി ഹരീന്ദ്രനാഥ്

മുൻ നിയമസെക്രട്ടറി