തിരുവനന്തപുരം: സംശയകരമായ സാഹചര്യത്തിൽ മാരകായുധവുമായി കണ്ട ക്രിമിനൽ കേസുകളിലെ പ്രതിയെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. കഴക്കൂട്ടം സ്റ്റേഷൻകടവ്‌ റെയിൽവേ ലൈനിന് സമീപം താമസിക്കുന്ന സായികുമാറാണ് (36) പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 8.30ന് കുളത്തൂർ ഇൻഫോസിസിന് സമീപമാണ് സംഭവം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പോസ്റ്റർ പതിക്കുന്നതിനിടെയാണ് ഇയാൾ ആയുധവുമായി പതുങ്ങി നിൽക്കുന്നത് സ്ഥലവാസികളായ യുവാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സായികുമാറിനെ തടഞ്ഞുനിറുത്തി കാര്യം അന്വേഷിച്ചു. കൈയിലിരുന്ന ആയുധമെടുത്ത് വീശി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ദേശീയപാതയിലെ റോഡിനോട് ചേർന്നുള്ള ഓടയിൽ വീണ സായികുമാറിനെ നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞുവച്ച് ഹൈവേ പൊലീസിന് കൈമാറുകയായിരുന്നു. കഴക്കൂട്ടത്തെ ബാറിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ച കേസ്, കുളത്തൂർ മുറിയൻ വിളാകത്ത് വീട് ആക്രമിച്ച കേസ് തുടങ്ങിയ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്‌തു.