നെടുമങ്ങാട്: കോൺഗ്രസിലെ ഗ്രൂപ്പ് പോരിൽ സ്ഥാനാർത്ഥിത്വം അനിശ്ചിതത്ത്വത്തിലായ വെഞ്ഞാറമൂട് ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി സുനിതകുമാരിക്കായി ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ മുതിർന്ന നേതാക്കൾ കെ.പി.സി.സി ഇലക്ഷൻ സബ്കമ്മിറ്റിയെ സമീപിച്ചു. മുൻ ഡി.സി.സി പ്രസിഡന്റും വാമനപുരം മണ്ഡലത്തിന്റെ ചുമതലയുള്ള മുൻ എം.എൽ.എയും അടക്കമാണ് വെട്ടിനിരത്തലിനെതിരെ രംഗത്ത് വന്നത്.മഹിളാകോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും എസ്.എൻ.ഡി.പി യോഗം വനിതാസംഘം പ്രവർത്തകയുമായ സുനിതകുമാരി രണ്ടു റൗണ്ട് ഡിവിഷൻ പര്യടനവും നാമനിർദേശ പത്രികാ സമർപ്പണവും പിന്നിട്ടിരിക്കെ,അപ്രതീക്ഷിതമായി കോൺഗ്രസിന്റെ മറ്റൊരു ഔദ്യോഗിക സ്ഥാനാർത്ഥി കൂടി അവസാന നിമിഷം പത്രിക സമർപ്പിക്കുകയായിരുന്നു. ജില്ലയിൽ ഐ ഗ്രൂപ്പിന് അനുവദിച്ച 11 സീറ്റുകളിലൊന്നാണ് വെഞ്ഞാറമൂട്.ഇവിടെ,സ്ഥാനാർത്ഥിയെ വെട്ടിയതിന് പുറമെ മറ്റ് ഡിവിഷനുകളിൽ എ ഗ്രൂപ്പ് വിമതന്മാരെ ഇറക്കിയിട്ടുണ്ടെന്നും ആരോപണം ശക്തമാണ്.ഐ ഗ്രൂപ്പിന് മേൽക്കൈയുള്ള നെടുമങ്ങാട്,വാമനപുരം,അരുവിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്ന് പിന്മാറിയിട്ടുമുണ്ട്.ഈ പരിധിയിൽ വരുന്ന ആനാട്,വെള്ളനാട് കരകുളം ജില്ലാ ഡിവിഷനുകളിൽ എ ഗ്രൂപ്പ് നിർദേശിച്ചവരാണ് യു.ഡി.എഫ് സ്ഥാനാർത്ഥികൾ.പട്ടികയിൽ ഈഴവ വിഭാഗം അടക്കം പിന്നാക്ക സമുദായക്കാരെ വെട്ടി നിരത്തിയെന്ന വസ്തുത വിവാദമായിരിക്കെ വനിതാസംഘം പ്രവർത്തകയെ ഒഴിവാക്കിയ നടപടിയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.ഇതിനിടെ, വെഞ്ഞാറമൂട് കോൺഗ്രസ് ഹൗസിൽ മുതിർന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ വിളിച്ചു ചേർത്ത വാമനപുരം ബ്ലോക്ക് കമ്മിറ്റി യോഗം സുനിതകുമാരി അല്ലാതെ മറ്റൊരു സ്ഥാനാർത്ഥിയെയും പിന്തുണയ്ക്കില്ലെന്ന് ഏകകണ്ഠമായി പ്രമേയം പാസാക്കി.ബ്ലോക്ക് പ്രസിഡന്റ് പുരുഷോത്തമൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കളും പ്രധാന പ്രവർത്തകരും രംഗത്ത് വന്നത് ഗ്രൂപ്പ് നേതാക്കൾക്ക് തിരിച്ചടിയായിട്ടുണ്ട്.