തിരുവനന്തപുരം: കൊവിഡ് ബാധിച്ചവർക്കും ക്വാറന്റൈനിലുള്ളവർക്കും തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടിടാൻ അവസരമൊരുക്കുന്ന ഓർഡിനൻസ് ഗവർണർ ഇന്നലെ അംഗീകരിച്ചു. വോട്ടെടുപ്പിന് ഒരുമണിക്കൂർ അധികം അനുവദിച്ചും ആസമയം കൊവിഡ് രോഗികൾക്ക് റിസർവ് ചെയ്യുന്നതിനും നിയമപ്രാബല്യം നൽകുന്നതാണ് ഒാർഡിനൻസ്.
2020ലെ പഞ്ചായത്തീരാജ് നിയമത്തിലെ മൂന്നാം ഭേദഗതി ഒാർഡിനൻസ് അനുസരിച്ച് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് സമയം രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാക്കി മാറ്റി. അധികം വരുന്ന ഒരുമണിക്കൂർ സാംക്രമിക രോഗബാധയുള്ളവർക്കും അതുമായി ബന്ധപ്പെട്ട ക്വാറന്റനിലുള്ളവർക്കും എന്നാണ് അടുത്ത ഭേദഗതി.
74 എ അനുസരിച്ച് ഇവർക്ക് തപാൽ വോട്ട് ചെയ്യാനും അനുമതി നൽകി. ഇതോടെ കൊവിഡ് ബാധിതർക്കും ക്വാറന്റൈനിലുള്ളവർക്കും വോട്ടെടുപ്പ് ദിവസം വൈകിട്ട് അഞ്ചുമുതൽ ആറുവരെ ബൂത്തുകളിലെത്തി വോട്ട് ചെയ്യാം. മാത്രമല്ല അവർക്ക് തപാലിലൂടെയും വോട്ട് ചെയ്യാം. ഇത് എങ്ങനെ നടപ്പാക്കണമെന്നതിനെ കുറിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുതിയ ഉത്തരവ് പുറത്തിറക്കും. കൊവിഡ് രോഗികൾക്ക് തപാൽ വോട്ട് അനുവദിച്ചുള്ള പഞ്ചായത്തീരാജിലെ രണ്ടാം ഭേദഗതി റദ്ദാക്കി.