തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ സൂക്ഷ്മ പരിശോധനയ്‌ക്ക് ശേഷം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയത് 3130 നാമനിർദ്ദേശ പത്രികകൾ. ഇന്നലെ രാത്രി ഒമ്പതു വരെ കമ്മിഷന്റെ വെബ്‌സൈറ്റിൽ ലഭ്യമായ കണക്കുകളാണിത്. എന്നാലിത് അന്തിമമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ജില്ലകളിൽ നിന്നുള്ള പൂർണ വിവരങ്ങൾ ലഭ്യമായതിന് ശേഷമേ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകൂ എന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്‌കരൻ പറഞ്ഞു.
അതേസമയം സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ രണ്ട് വാർഡുകളിൽ കൂടി ഇടത് മുന്നണിക്ക് എതിരില്ലാതായി. കാസർകോട് മടിക്കൈ പഞ്ചായത്തിൽ പത്താം വാർഡിൽ സൂക്ഷ്മപരിശോധനയിൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ എൽ.ഡി.എഫിന്റെ പി. പ്രകാശിന് എതിരില്ലാതായി. മടിക്കെയിലെ നാലു വാർഡുകളിൽ ഇതോടെ എൽ.ഡി.എഫിന് എതിരില്ലാതായി.
ആലപ്പുഴ കൈനകരി പഞ്ചായത്ത് രണ്ടാം വാർഡിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച കൈനകരി വികസനസമിതി പ്രതിനിധി ബി.കെ. വിനോദിന്റെ പത്രിക തള്ളി. വാർഡ് മാറി മത്സരിക്കുന്നതിന്റെ സത്യവാങ്മൂലം നൽകാത്തതാണ് കാരണം. ഇതോടെ ഇടത് സ്ഥാനാർത്ഥി കെ.എ. പ്രമോദിന് എതിരില്ലാതായി. പത്രിക തള്ളിയതിനെതിരെ വിനോദ് അപ്പീൽ നൽകി.
മലപ്പുറം വട്ടംകുളം പഞ്ചായത്തിൽ വനിതാ സംവരണവാർഡിൽ സി.പി.എം പുരുഷ ഡമ്മി സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. സത്യവാങ്മൂലത്തിൽ ഒപ്പിടാത്തതിനെ തുടർന്ന് കണ്ണൂർ പാലത്തുംകടവ് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പത്രികയും തള്ളി. കൊല്ലം അലയമൺ വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വ്യാജ ജാതി സർട്ടിഫിക്കറ്റ് നൽകിയെന്ന പരാതി ശനിയാഴ്ച പരിശോധിക്കും.
എല്ലാ തദ്ദേശസ്ഥാപനങ്ങളിലേയും സൂഷ്മപരിശോധനാ ഫലം വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടില്ല. സൂഷ്മപരിശോധന നടത്തിയശേഷം ഫോറം 6 പൂരിപ്പിച്ച് വരണാധികാരികൾ അതത് ജില്ലാ കളക്ടർക്കും അവിടെ നിന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഒാഫീസിലുമാണ് എത്തേണ്ടത്.
തള്ളിയ പത്രികകൾ
ഗ്രാമപഞ്ചായത്ത്- 2,215
ബ്ലോക്ക് പഞ്ചായത്ത്- 305
ജില്ലാ പഞ്ചായത്ത്- 133
മുനിസിപ്പാലിറ്റി- 477
കോർപറേഷൻ- 121