ggg

തിരുവനന്തപുരം:ഇനി പതിനെട്ട് ദിവസങ്ങൾ.കൂട്ടലും കിഴിക്കലും നടത്തി കൈവിട്ടുപോകുന്ന വോട്ടുകളുടെ കണക്കെടുത്തും പുതിയ വോട്ടുകൾ വരുതിയിലാക്കാൻ തന്ത്രങ്ങൾ മെനഞ്ഞും സ്ഥാനാർത്ഥികളും മുന്നണികളും അശ്രാന്ത പരിശ്രമം നടത്തുന്ന ദിവസങ്ങൾ.വോട്ടർമാരുടെ പ്രതികരണം നോക്കി ആർക്ക് വോട്ട് കിട്ടുമെന്ന് വിലയിരുത്താൻ ഇപ്പോൾ കഴിയില്ലെന്നാണ് ഒരു മുന്നണിയുടെ പ്രമുഖ നേതാവ് വിലയിരുത്തിയത്. പണ്ടാണെങ്കിൽ വോട്ട് കിട്ടുമെങ്കിൽ സ്‌ക്വാഡിന് ചെല്ലുമ്പോൾ തന്നെ അവരുടെ പ്രതികരണവും പെരുമാറ്റവും കണ്ട് വിലയിരുത്താം.എന്നാലിപ്പോൾ അതല്ല സ്ഥിതി,ആരൊക്കെ വോട്ട് ചോദിച്ചുവന്നാലും വോട്ടറുടെ മുഖത്ത് ചിരിമാത്രം.ആരെയും വെറുപ്പിക്കില്ല.എല്ലാവരോടും വോട്ട് നൽകാമെന്ന് പറയും.അതിനാൽ മുന്നണികൾ നടത്തുന്ന വോട്ടർ വെരിഫിക്കേഷൻ പലപ്പോഴും പരാജയമാകുകയാണ് .

പ്രചാരണവും കോലാഹലങ്ങളുമൊന്നും പണ്ടത്തെപ്പോലെ വോട്ടർമാരെ സ്വാധീനിക്കാറില്ലെന്നാണ് വിലയിരുത്തൽ.സ്ഥാനാർത്ഥികൾ മത്സര രംഗത്ത് നിരന്നുകഴിഞ്ഞാൽ ഭൂരിപക്ഷം വോട്ടർമാരും വോട്ട് ആർക്കാണ് ചെയ്യേണ്ടതെന്ന് തീരുമാനിച്ചുറപ്പിക്കും. എന്തൊക്കെ കോലാഹലങ്ങളുണ്ടായാലും അവരുടെ വോട്ട് തീരുമാനിച്ചുറപ്പിച്ചവർക്ക് തന്നെകിട്ടും. വികസനം തന്നെയാണ് എല്ലാക്കാലത്തേയും പോലെ വോട്ട് നിർണയിക്കുന്ന പ്രധാന ഘടകം.നടപ്പാക്കാത്ത വികസന പദ്ധതികൾ അവതരിപ്പിച്ച് വോട്ട് നേടാമെന്ന ചിന്ത വേണ്ട.വാഗ്‌ദാനങ്ങളിൽ എന്തു നടക്കും, എന്തൊക്കെയാണ് നടക്കാത്തതെന്ന് വിലയിരുത്താൻ കഴിയുന്നവരാണ് വോട്ടർമാരെന്ന് ജില്ല പഞ്ചായത്തിലെ ഒരു സ്ഥാനാർത്ഥി പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കാലത്തുള്ള അമിത ബഹുമാനവും സ്നേഹ പ്രകടനവും തിരിച്ചറിയാൻ കഴിവുള്ളവരാണ് സ്ഥാനാർത്ഥികൾ.അതിനാൽ കൊവിഡ് കാലത്തും സ്വാഭാവിക പ്രകടനത്തിന് മാത്രമേ വോട്ട് കിട്ടൂവെന്നും അദ്ദേഹം പറയുന്നു.

സ്ഥാനാർത്ഥികളറിയാൻ

ഭവന സന്ദർശനത്തിന് മൂന്ന് പേരെ മാത്രം കൂട്ടുക
വോട്ടർമാരുമായി സംസാരിക്കുമ്പോൾ രണ്ടു മീറ്റർ അകലം പാലിക്കുക
മാസ്ക് ശരിയായ വിധത്തിൽ ധരിക്കുക
സാനിറ്റൈസർ കൈയിൽ കരുതുക

ഇടയ്ക്കിടെ കൈകൾ അണുവിമുക്തമാക്കുക
വീടുകളുടെ അകത്ത് കയറാതിരിക്കുക.
ഷേക്ക്ഹാൻഡും കെട്ടിപ്പിടിത്തവും ഒഴിവാക്കുക