തിരുവനന്തപുരം: കിഫ്ബിയുടെ പ്രവർത്തനം ഭരണഘടനാ വിരുദ്ധമാണെന്ന് സി.എ.ജി റിപ്പോർട്ടിൽ പരാമർശങ്ങളുണ്ടെന്ന ആരോപണവും അതുസംബന്ധിച്ച വിവാദവും കത്തി നൽക്കുമ്പോൾ കിഫ്ബിയിലെ സി.എ.ജി ഓഡിറ്ര് നടപടികൾ പൂർത്തിയായില്ലെന്ന് അറിയുന്നു.
കിഫ്ബി ജീവനക്കാരുമായുള്ള ഏജീസ് ഓഫീസർമാരുടെ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം തങ്ങളോട് പറയാത്ത കാര്യങ്ങൾ സി.എ.ജി റിപ്പോർട്ടിൽ എഴുതി ചേർത്തു എന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ വിമർശനം. എന്നാൽ തോമസ് ഐസക് പരാമർശിക്കുന്ന റിപ്പോർട്ട് കേരളത്തിന്റ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സി.എ.ജി പൊതുവായി നൽകിയ റിപ്പോർട്ടാണെന്നും അത് കിഫ്ബിയെ പറ്റിയുള്ള സി.എ.ജി ഓഡിറ്ര് റിപ്പോർട്ട് അല്ലെന്നുമാണ് വസ്തുത. ഇപ്പോഴത്തെ റിപ്പോർട്ടിൽ കിഫ്ബിയെ കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടെന്നത് ശരിയാണ്. എന്നാൽ കിഫ്ബിയിലെ യഥാർത്ഥ സി.എ.ജി ഓഡിറ്ര് തയ്യാറായി വരുന്നേ ഉള്ളൂ എന്നാണ് ഏജീസ് ഓഫീസ് വൃത്തങ്ങൾ പറയുന്നത്.
ഈ വർഷം ജനുവരിയിലാണ് കിഫ്ബിയിൽ സി.എ.ജി ഓഡിറ്ര് തുടങ്ങിയത്. ഡി.പി.സി ആക്ടിലെ 14(1) വകുപ്പ് പ്രകാരമാണ് സി.എ.ജി ഓഡിറ്ര് നടത്തിയത്. 20(2) വകുപ്പ് പ്രകാരം ഓഡിറ്ര് നടത്തണമെന്നായിരുന്നു ഏജീസ് ഓഫീസിന്റെ ആവശ്യം. ഇക്കാര്യം അവർ കിഫ്ബി അധികൃതരെ അറിയിച്ചിരുന്നു. സർക്കാരിൽ നിന്നുള്ള കിഫ്ബിയുടെ വായ്പയുടെ അനുപാതം പരിധിയിൽ കുറഞ്ഞാൽ ഓഡിറ്ര് ചെയ്യാനുള്ള അനുവാദം നഷ്ടപ്പെടും എന്നതിനാലായിരുന്നു ഈ ആവശ്യം.