തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ്, അഗ്രികൾച്ചർ, ഫിഷറീസ്, വെറ്ററിനറി, ഫോറസ്ട്രി കോഴ്സുളിലേക്കുള്ള ആദ്യ അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പാലക്കാട് കരുണ മെഡിക്കൽ കോളേജിലേക്ക് ഓപ്ഷൻ സ്വീകരിച്ചെങ്കിലും അലോട്ട്മെന്റ് നടത്തിയിട്ടില്ല. ഈ കോളേജിലെ രണ്ടാം അലോട്ട്മെന്റിൽ പരിഗണിക്കുമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. അലോട്ട്മെന്റ് വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിലുണ്ട്. അലോട്ട്മെന്റ് ലഭിച്ചവർ 26നകം ഓൺലൈനായോ ഹെഡ് പോസ്റ്റ് ഓഫീസുകളിലോ എൻട്രൻസ് കമ്മിഷണർക്ക് അടയ്ക്കേണ്ട ഫീസടച്ച ശേഷം 26ന് വൈകിട്ട് മൂന്നിനകം കോളേജുകളിൽ പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ- 0471 2525300
സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസിൽ വ്യക്തതയില്ലാതെയാണ് അലോട്ട്മെന്റ് നടത്തിയിട്ടുള്ളത്. ജസ്റ്റിസ് രാജേന്ദ്രബാബു സമിതി നിശ്ചയിച്ച ഫീസും സ്വാശ്രയ കോളേജുകൾ ആവശ്യപ്പെടുന്ന ഫീസും വെബ്സൈറ്റിലുണ്ട്. നിലവിൽ സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ സർക്കാർ ഉത്തരവ് പ്രകാരമുള്ള ഫീസടച്ചാൽ മതി. എന്നാൽ കോടതി ഉത്തരവ് പ്രകാരമുള്ള അധിക ഫീസ് അടയ്ക്കാമെന്ന സമ്മതപത്രം കോളേജിൽ നൽകണം. ഇതിന്റെ മാതൃകയും വെബ്സൈറ്റിലുണ്ട്. ഈ ഘട്ടത്തിൽ അടയ്ക്കേണ്ട ഫീസ് വിവരങ്ങൾ അലോട്ട്മെന്റ് മെമ്മോയിലുണ്ട്. മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ അലോട്ട്മെന്റിനുള്ല വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും.