bineesh-kodiyeri

ബംഗളുരു: ബംഗളുരു മയക്കുമരുന്ന് കേസിലെ കള്ളപ്പണ, ബിനാമി ഇടപാടിൽ ബിനീഷ് കോടിയേരിയുടെ റിമാൻഡ് കാലാവധി വീണ്ടും നീട്ടി. നാർകോട്ടിക്സ് കൺട്റോൾ ബ്യൂറോ (എൻസിബി) കസ്​റ്റഡി നീട്ടി ചോദിക്കാതിരുന്നതോടെ, ബിനീഷിനെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കു തിരിച്ചയച്ചു. ബിനീഷിന്റെ ജുഡീഷ്യൽ കസ്​റ്റഡി 25 വരെയാണ്.അതിനിടെ, ബിനീഷിന്റെ ബിനാമിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം കേശവദാസപുരത്തെ കാർ പാലസ് ഉടമ അബ്ദുൽ ലത്തീഫ് ബംഗളുരുവിലെ എൻഫോഴ്സ്‌മെന്റ് ഓഫീസിൽ ഹാജരായി. നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യാൻ ലത്തീഫിന് നോട്ടീസ് നൽകിയിരുന്നു. മയക്കുമരുന്ന് ഇടപാടിലൂടെ ലഭിക്കുന്ന പണം ലത്തീഫിലൂടെയാണ് ബിനീഷ് കൈകാര്യം ചെയ്തിരുന്നതെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. നാലുദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്തെങ്കിലും എൻസിബി ബിനീഷിനെ പ്രതിയാക്കിയിട്ടില്ല. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റിന്റെ അന്വേഷണത്തിൽ കണ്ടെത്തിയ വസ്തുകളുടെ അടിസ്ഥാനത്തിൽ കസ്​റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ് ചെയ്തത്.ബംഗളുരു ലഹരി മരുന്ന് ഇടപാട് കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്കു അമ്പതു ലക്ഷത്തിലേറെ രൂപ ബിനീഷ് കൈമാറിയിട്ടുണ്ട്. ഇതിന് ലഹരി മരുന്ന് ഇടപാടുമായി ബന്ധമുണ്ടോയെന്നായിരുന്നു അന്വേഷിച്ചതെന്ന് എൻ.സി.ബിയുടെ റിമാൻഡ് റിപ്പോർട്ടിലുണ്ട്. ബിനീഷ് മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടെന്ന് വെളിപ്പെടുത്തിയ കൃഷ്ണഗൗഡയെ എൻസിബി ഇന്നലെ അറസ്റ്റ് ചെയ്തു.