supplyco

തിരുവനന്തപുരം: ഭക്ഷ്യക്കിറ്റിനായി ഉപയോഗിക്കുന്ന തുണിസഞ്ചി വിതരണം ചെയ്യാൻ കരാർ ഏറ്റെടുത്തശേഷം പിൻമാറിയ ബംഗളൂരു ആസ്ഥാനമായ കമ്പനിയെ കേന്ദ്രീകരിച്ച് സപ്ലൈകോ വിജിലൻസ് അന്വേഷണം ആരംഭിച്ചു. ഒരു കോടി സഞ്ചി നൽകാൻ കരാറെടുത്ത ഫാഷൻ ഫോർ സർവീസസ് പിൻമാറിയതിൽ ദുരൂഹതയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

സ്ഥാപനം പിൻമാറിയതോടെ സപ്ളൈകോ കരാർ കുടുംബശ്രീയ്ക്കു കൈമാറി. ഇതിനെതിരെ ടെൻഡറിൽ കുറഞ്ഞ തുകയിൽ രണ്ടാം സ്ഥാനത്തെത്തിയ വയനാട് കമ്പനി പരാതിയുമായി എത്തിയതോടെയാണ് ആദ്യ കമ്പനിയുടെ പിൻമാറ്റത്തിൽ ദുരൂഹത വർദ്ധിച്ചത്. വയനാട് കമ്പനിക്ക് ഒരു ജില്ലയിലെ വിതരണ ഓർഡർ നൽകിയെങ്കിലും കമ്പനി നിരസിച്ചു.

അതിനിടെ, കുടുംബശ്രീയുടെ ചില യൂണിറ്റുകൾ തമിഴ്‌നാട്ടിൽ നിന്ന് മൂന്ന് മുതൽ അഞ്ച് രൂപവരെ വിലയുള്ള ഗുണമേൻമയില്ലാത്ത സഞ്ചികൾ വാങ്ങി 13 രൂപയ്ക്ക് നൽകിയത് വിവാദമായി.

സഞ്ചി വില നൽകി

തിരിച്ചുവാങ്ങിയേക്കും

ആവശ്യത്തിന് സഞ്ചി ലഭിക്കാത്തതിനാൽ ഒക്ടോബറിലെ ഭക്ഷ്യകിറ്റുകളിൽ പകുതിപോലും വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല.

നേരത്തേ വിതരണം ചെയ്ത കിറ്റുകളുടെ സഞ്ചി ശേഖരിക്കാൻ നീക്കമുണ്ട്. സഞ്ചി ഒന്നിന് അഞ്ച് രൂപ നൽകും. ഈ തുക ബില്ലിൽ കുറവ് ചെയ്യും. ഇതിന് പുറമെ തിരുവനന്തപുരത്തെ കുടുംബശ്രീ യൂണിറ്റിനും ഖാദി ബോർഡിനും സപ്ലൈകോ കരാർ നൽകിയിട്ടുണ്ട്.