തിരുവനന്തപുരം : കോർപറേഷൻ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സമർപ്പണവും സൂക്ഷ്മപരിശോധനയും പൂർത്തിയായതോടെ നഗരത്തിൽ വിമതശല്യം രൂക്ഷം. വിമതൻമാർ ഏറ്റവും കൂടുതൽ യു.ഡി.എഫിലാണ്. എൽ.ഡി.എഫിനും വിമതർ തലവേദനയാണ്. 2010ൽ പള്ളിത്തുറയിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ച ആറ്റിപ്ര സന്തോഷിനെ ഇത്തവണ നേതൃത്വം കൈപ്പത്തി ചിഹ്നത്തിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് സിറ്റിംഗ് കൗൺസിലർ പ്രതിഭ ജയകുമാർ സ്വതന്ത്രയായി രംഗത്തുണ്ട്. അമ്പലത്തറയിൽ ഘടകകക്ഷിയായ ആർ.എസ്.പിക്ക് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഇടഞ്ഞുനിൽക്കുകയാണ്. യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ പഴഞ്ചിറ മാഹീനെ രംഗത്തിറക്കി.വഴുതക്കാട് മുൻ കൗൺസിലർ കെ.സുരേഷ്‌കുമാറിന് സ്ഥാനാർത്ഥിത്വം നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വാർഡ് പ്രസിഡന്റ് സുരേഷ് ബാബു തിരുവനന്തപുരം വികസന മുന്നണിയുടെ പേരിൽ രംഗത്തുണ്ട്. കഴിഞ്ഞതവണ കോൺഗ്രസിൽനിന്ന് സി.പി.ഐ പിടിച്ചെടുത്ത തമ്പാനൂരിലും വിമത ശല്യമുണ്ട്. നെട്ടയം വാർഡിലാണ് സി.പി.എമ്മിനെ ഞെട്ടിച്ച് വിമതൻ രംഗത്തെത്തിയത്.സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന നല്ലപെരുമാളാണ് ഇവിടെ മത്സരരംഗത്തുള്ളത്. ഇദ്ദേഹത്തെ പാർട്ടിയിൽനിന്ന് പുറത്താക്കിയിട്ടുണ്ട്. എൽ.ഡി.എഫുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ആർ.എസ്.പി ലെനിനിസ്റ്റ് സ്ഥാനാർത്ഥി മേയർ കെ.ശ്രീകുമാറിനെതിരെ കരിക്കകത്ത് മത്സരിക്കും. സി.എസ്. അശോകനാണ് സ്ഥാനാർത്ഥി.കാലടി വാർഡിൽ സി.പി.എം പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാണി വിഭാഗത്തിനുവേണ്ടി പിൻവലിച്ചതിന്റെ പ്രതിഷേധം അടങ്ങിയിട്ടില്ല. ബി.ജെ.പിയിൽ ശ്രീകാര്യം നെടുങ്കാട്, വലിയവിള തുടങ്ങിയ ചില വാർഡുകളിൽ ചില പ്രതിഷേധങ്ങളും ഉയർന്നിട്ടുണ്ട്.എന്നാൽ,പ്രത്യക്ഷമായി വിമതർ രംഗത്തെത്തിയിട്ടില്ല. പത്രിക പിൻവലിക്കാൻ രണ്ടുദിവസം ശേഷിക്കേ വിമതരെ പിൻവലിപ്പിക്കാനുള്ള ശ്രമങ്ങൾ മുന്നണികളിൽ സജീവമാണ്.