കോവളം : വെങ്ങാനൂർ അമ്പാടി ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ കവർച്ച.ക്ഷേത്രത്തിലെ ഓഫീസിലെ കാണിക്കവഞ്ചികൾ തകർത്ത് എഴുപതിനായിരത്തോളം രൂപ കവർന്നു.ക്ഷേത്രത്തിന് സമീപത്തെ കെട്ടിട വളപ്പിൽ നിന്ന് പണം കവർന്നശേഷം ഉപേക്ഷിച്ച കാണിക്കവഞ്ചി കണ്ടെടുത്തു. ഇന്നലെ പുലർച്ചയോടെയായിരുന്നു സംഭവം. ക്ഷേത്ര പൂജാരി രാവിലെ നടതുറക്കാനെത്തിയപ്പോഴാണ് മടപ്പിളളിയുടെയും ഓഫീസിന്റെയും പൂട്ടുകൾ പൊളിച്ച നിലയിൽ കണ്ടത്.ഓഫീസിലെ മേശയിൽ സൂക്ഷിച്ചിരുന്ന പണവും അന്നദാനത്തിന് നാട്ടുകാർ സംഭാവനായി നൽകുന്ന പണമിരുന്ന കാണിക്കവഞ്ചി,നാഗർക്ഷേത്രത്തിന് മുന്നിലുണ്ടായിരുന്ന കാണിക്കവഞ്ചിയുമാണ് കവർന്നത്. സംഭവത്തെ തുടർന്ന് ക്ഷേത്രഭാരവാഹികൾ വിഴിഞ്ഞം പൊലീസിൽ അറിയിച്ചു.പൊലീസ് സംഘം നടത്തിയ പരിശോധനയിൽ ശ്രീകോവിലിന്റെ വാതിലിലെ പൂട്ടുകളിലൊന്ന് പൊളിച്ച നിലയിൽ കണ്ടെത്തിയത്. ഓഫീസിലുണ്ടായിരുന്ന അന്നദാനത്തിന് നാട്ടുകാർ നൽകുന്ന പണം സൂക്ഷിക്കുന്നതും നാഗർക്ഷേത്രത്തിന്റെ മുന്നിലുമുണ്ടായിരുന്ന കാണിക്കവഞ്ചിയും സമീപത്തുളള കെട്ടിടവളപ്പിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.ഡോഗ് സ്ക്വാഡ്,വിരലടയാള വിദഗ്ദ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധിച്ചു.വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.