excise

പാലക്കാട്: എക്‌സൈസ് എൻഫോഴ്സ്‌മെന്റ് വിഭാഗം വാളയാർ പുതുശ്ശേരിൽ നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തികൊണ്ടുവന്ന 77,50,000രൂപയുടെ കറൻസിയുമായി യുവാവ് അറസ്റ്റിൽ. വാടകരപതി കള്ളിയാൻപാറ സ്വദേശി മനോജ് (38) ആണ് പിടിയിലായത്. പ്രതിയെയും ഇയാളിൽ നിന്ന് പിടികൂടിയ തുകയും സ്‌കൂട്ടറും മറ്റു നടപടികൾക്കായി, കസബ പൊലീസിനെ ഏല്പിച്ചു.

പാലക്കാട് എക്‌സൈസ് കമ്മിഷണർ ഷാജി എസ്.രാജന്റെ നിർദ്ദേശ പ്രകാരം എക്‌സൈസ് എൻഫോഴ്സ്‌മെന്റ് അസിസ്റ്റന്റ് കമ്മിഷണർ എ.രമേശിന്റെ നേതൃത്വത്തിൽ രൂപീകരിച്ച എ.ഇ.സി സ്‌ക്വാഡ് അംഗങ്ങളാണ് പ്രതിയെ പിടികൂടിയത്.

ഇൻസ്‌പെക്ടർ പ്രശോഭിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എ.ജയപ്രകാശ്, എസ്.മൻസൂർ അലി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബി.ഷൈബു,കെ.ജ്ഞാനകുമാർ, ടി.എസ്.അനിൽകുമാർ, കെ.അഭിലാഷ്, എം.അഷറഫലി, ഡ്രൈവർ എ.കൃഷ്ണകുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.