കൽപ്പറ്റ: ജില്ലാ പഞ്ചായത്ത് ജനറലാണോ? എങ്കിൽ കെ.എൽ.പി മതിയെന്ന ചിന്ത ശരിയല്ലെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ പി.കെ. അനിൽകുമാർ. ജില്ലാ പഞ്ചായത്തിൽ പൊഴുതന സീറ്റ് തരാമെന്ന് പറഞ്ഞ് ഒടുവിൽ കെ.എൽ. പൗലോസിന് സീറ്റ് നൽകിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പി.കെ. അനിൽകുമാർ. മുൻ ഡി.സി.സി പ്രസിഡന്റും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കൂടിയായ കെ.എൽ. പൗലോസ് തന്നോട് കാണിച്ചത് രാഷ്ട്രീയ മര്യാദയല്ല. നേതൃത്വത്തിന്റെ ക്രൂരമായ നടപടിയെ തുടർന്ന് ഇടത് മുന്നണിയുടെ സംസ്ഥാന നേതാക്കൾ പാേലും തന്നെ ബന്ധപ്പെട്ടു. പക്ഷെ തനിക്കൊരു രാഷ്ട്രീയ ലക്ഷ്യമുണ്ട്. അത് കൊണ്ട് മാത്രം പ്രസ്ഥാനം വിട്ട് മറ്റെങ്ങും പോയില്ല. എന്നാൽ എ ഗ്രൂപ്പിന്റെ ശക്തനായ വക്താവായി പ്രവർത്തിച്ച താൻ എ ഗ്രൂപ്പ് വിട്ട് ഐ ഗ്രൂപ്പിലേക്ക് ചേക്കേറുക മാത്രമാണ് ചെയ്തത്. എന്നോട് ചെയ്ത ക്രൂരമായ നടപടിയിൽ പ്രതിഷേധിച്ച് ഞാൻ ഇന്ന് പാർട്ടി മാറിയെങ്കിൽ അർഹതപ്പെട്ട സീറ്റ് തരാൻ ഇടത് മുന്നണി തയ്യാറായിരുന്നു. പല സീറ്റുകളും അവർ വാഗ്ദാനം ചെയ്തു. പി.കെ. അനിൽകുമാർ പറഞ്ഞു. മത്സര രംഗത്ത്
ഉണ്ടാവില്ലെന്ന് തറപ്പിച്ച പറഞ്ഞ കെ.എൽ. പൗലോസ് അവസാന നിമിഷം നയം മാറ്റുകയായിരുന്നു. പൊഴുതന സീറ്റിൽ വിജയിക്കാമെന്ന ഉറപ്പ് ഉളളത് കൊണ്ട് മാത്രമാണ് ഉറപ്പുളള മുട്ടിൽ സീറ്റ് പോലും ചോദിക്കാതെ പൊഴുതന തിരഞ്ഞെടുത്തത്. എന്നാൽ യു.ഡി.എഫിന് പൊഴുതന സീറ്റ് നഷ്ടപ്പെടുന്ന അവസ്ഥയാണ് വരാൻ പോകുന്നത്. രാഷ്ട്രീയ മാന്യത കാണിച്ചത് കെ.പി.സി.സി സെക്രട്ടറി കെ.കെ. അബ്രഹാം മാത്രമാണ്. അദ്ദേഹം പറഞ്ഞ വാക്ക് പാലിച്ചു. എന്നാൽ കെ.എൽ. പൗലോസ് തന്നോട് ക്രൂരതയാണ് കാണിച്ചത്. ഇത് പൊറുക്കാൻ പറ്റുന്നതല്ല. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റായിരുന്ന തന്റെ പിതാവ് പി.കെ. ഗോപാലന് ജില്ലയിലും സംസ്ഥാനത്തും ഒരു മാന്യതയുണ്ട്. അത് കളഞ്ഞ് കുളിക്കാൻ താൻ തയ്യാറായിട്ടില്ല. അത് കൊണ്ട് മാത്രമാണ് കേവലം ഒരു സീറ്റിന് വേണ്ടി താൻ കോൺഗ്രസ് വിട്ട് മറുകണ്ടം ചാടാതിരുന്നത്. നിലവിൽ ജില്ലാ പഞ്ചായത്ത് അംഗമായ തന്നെ പരിഗണിക്കുമെന്ന് തന്നെയാണ് അവസാന നിമിഷം വരെ കരുതിയത്. ഇത് തന്നെയാണ് ജില്ലയിലെ പല ആത്മാർത്ഥതയുളള കോൺഗ്രസ് പ്രവർത്തകരോടും ജില്ലാ നേതൃത്വം ചെയ്തത്. രാഹുൽഗാന്ധിയുടെ മണ്ഡലത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ദയനീയ പരാജയം ക്ഷണിച്ച് വരുത്താൻ കോൺഗ്രസ് നേതൃത്വം തയ്യാറാവുകയാണെന്നാണ് തിരഞ്ഞെടുപ്പ് ലിസ്റ്റ് പുറത്ത് വന്നപ്പോൾ കാണാൻ കഴിഞ്ഞതെന്നും പി.കെ. അനിൽകുമാർ പറഞ്ഞു.
കെ.പി.സി.സി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് വയനാട്ടിലെ സ്ഥാനാർത്ഥി ലിസ്റ്റ്. ഏതാനും ചിലർ ഇരുന്ന് എടുത്ത തീരുമാനം കെ.പി.സി.സി പരിശോധിക്കുക തന്നെ വേണം.പതിനെട്ട് വർഷമായി രാഷ്ട്രീയത്തിൽ. അതിൽ പതിനഞ്ച് വർഷവും ജനപ്രതിനിധിയായിരുന്നു. കേവലം ഒരു സീറ്റിന് വേണ്ടി രാഷ്ടീയ ഭാവി കളയില്ല. അത്രക്കും കോൺഗ്രസിലെ ചിലരെപ്പോലെ താൻ തരം താണിട്ടില്ലെന്നും പി.കെ.അനിൽകമാർ പറഞ്ഞു.