rajeev-ljeev

ആലുവ: ആലുവ നഗരസഭ 20ാം വാർഡിൽ ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രാജീവ് സക്കറിയയ്ക്ക് ഒരു അപരനുണ്ട്. പേര് ലിജീവ് സക്കറിയ. പേരിൽ മാത്രമല്ല, സാദൃശ്യം. ഒറ്റനോട്ടത്തിൽ ബന്ധുക്കൾക്ക് പോലും തിരിച്ചറിയാൻ പറ്റാത്ത രൂപസാദൃശ്യവുമുണ്ട്. ഈ സാദൃശ്യം വച്ച് തിരഞ്ഞെടുപ്പ് പോരിനിറങ്ങാൻ ലിജിനില്ല. പകരം, മുഴുവൻ സമയവും അങ്കത്തട്ടിൽ നിൽക്കും, രാജീവിനൊപ്പം. കാരണം രാജീവ് സഹോദരനാണ്. താൻ പിറന്ന് നാലുമിനിട്ടിന് ശേഷം പിറന്ന ഇരട്ട സഹോദരൻ!

കാരോത്തുകുഴി കവലയിൽ താന്നിപ്പിള്ളി വീട്ടിൽ പരേതനായ സക്കറിയയുടെ മക്കളാണ് ഇരുവരും. ആലുവ ജില്ലാ ആശുപത്രിയിലെ താത്കാലിക ജീവനക്കാരനായ ലിജീവ് കൊവിഡ് ഡ്യൂട്ടിയിൽ നിന്നും കുറച്ചുദിവസത്തേക്ക് അവധിയെടുത്ത് രാജീവിനെ സഹായിക്കാനുള്ള തീരുമാനത്തിലാണ്. സി.പി.എം ഏരിയ കമ്മിറ്റിയംഗവും നഗരസഭ സിറ്റിംഗ് പ്രതിപക്ഷ നേതാവുമായ രാജീവ് സക്കറിയക്ക് സ്വന്തം വാർഡിൽ മാത്രമല്ല, മറ്റ് വാർഡുകളിൽ കൂടി മുന്നണിയുടെ ജയം ഉറപ്പാക്കേണ്ടതുണ്ട്. രാജീവ് മറ്റ് വാർഡുകളിലെ പ്രവർത്തനം ഏകോപിപ്പിക്കുമ്പോൾ 20ാം വാർഡിൽ രാജീവിന്റെ പ്രതീകമാണ് ലിജീവ് സക്കറിയ. പത്ത് വർഷം മുമ്പ് രാജീവ് സക്കറിയയുടെ നെറ്റിയിൽ വളർന്ന ഒരു പാലുണ്ണി നീക്കം ചെയ്യാതെ 'തിരിച്ചറിയൽ രേഖ'യായി നിർത്തിയിരിക്കുകയാണ്. പാലുണ്ണി നോക്കിയാണ് രാജീവിനെയും ലിജീവിനെയും അടുത്തറിയാവുന്നവർ പോലും ആളെ മനസിലാക്കുന്നത്.

2015ൽ 17ാം വാർഡിൽ നിന്നും കോൺഗ്രസ് റിബലിനെ ഒരു വോട്ടിനാണ് രാജീവ് പരാജയപ്പെടുത്തിയത്. ഇക്കുറി സ്വന്തം വാർഡിലാണ് മത്സരം. കഴിഞ്ഞ തവണ ഇവിടെ 22 വോട്ടിന് എൽ.ഡി.എഫാണ് ജയിച്ചത്. സ്വതന്ത്രനായി മത്സരിക്കുന്ന മുൻ നഗരസഭ ചെയർമാൻ ഫ്രാൻസിസ് തോമസും കോൺഗ്രസിലെ പി.പി. ജെയിംസുമാണ് എതിരാളികൾ.