ചൈനയിലെ മനം മയക്കുന്ന കാഴ്ചകളുടെയും ലോകോത്തര നിർമ്മിതികളുടെയും വിസ്മയദൃശ്യങ്ങളുടെ കൂട്ടത്തിലേക്ക് പുതുതായി കടന്നുവന്ന ഒരു അത്ഭുതമാണ് യുനാൻ പ്രവിശ്യയിലെ കുൻമിംഗിൽ സ്ഥിതിചെയ്യുന്ന ഭീമൻ വെള്ളച്ചാട്ടം. ഏകദേശം 400 മീറ്റർ വീതിയും 12.5 മീറ്റർ ഉയരവുമുള്ള മനുഷ്യനിർമ്മിതമായ ഈ വെള്ളച്ചാട്ടം കാണാൻ നിരവധി സഞ്ചാരികൾ ഇവിടെയെത്തുന്നു. നഗരത്തിനരികിൽത്തന്നെ ഒരു വെള്ളച്ചാട്ടമുണ്ടാകുമ്പോൾ തിരക്കുകളിൽ നിന്ന് മാറി റിലാക്സ് ചെയ്ത് അൽപ്പനേരം ചെലവഴിക്കാൻ ആഗ്രഹിക്കും.
നിയുലൻ നദിയിൽ നിന്ന് ഡിയാഞ്ചി തടാകത്തിലേക്ക് വെള്ളം തിരിച്ചുവിടുന്ന പദ്ധതിയുടെ ഭാഗമായാണ് വെള്ളച്ചാട്ടം നിർമ്മിച്ചത്. 2016ൽ സഞ്ചാരികൾക്കായി തുറന്നുകൊടുത്ത ഈ വെള്ളച്ചാട്ടവും അതിന്റെ ഭാഗമായ ചുറ്റുമുള്ള പ്രദേശങ്ങളും ഉൾപ്പെടുന്ന കുൻമിംഗ് വാട്ടർഫാൾ പാർക്ക്, ഏഷ്യയിൽ തന്നെ ഇത്തരത്തിലുള്ള പാർക്കുകളിൽ വച്ച് ഏറ്റവും വലുതാണ്. നഗരമദ്ധ്യത്തിലെ ഡോംഗ്‌ഫെംഗ് ചത്വരത്തിൽ നിന്ന് 13 കിലോമീറ്റർ വടക്കായാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇവിടെയെത്താൻ ടാക്സി, ബസ് തുടങ്ങിയ ഗതാഗതസൗകര്യങ്ങൾ ലഭ്യമാണ്.
നടത്തത്തിനും അതുപോലുള്ള മറ്റ് എക്സർസൈസുകൾക്കും പറ്റിയ രീതിയിൽ നിർമ്മിച്ച വലിയ പാർക്കിൽ പോകാനും തിരിച്ചുവരാനും പ്രത്യേകം പാതകളുണ്ട്. കുട്ടികൾക്ക് കളിസ്ഥലവുമുണ്ട്. വെള്ളച്ചാട്ടം കണ്ട് ഇരിക്കാൻ ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. അൽപ്പം സാഹസികത ഇഷ്ടപ്പെടുന്നവർക്ക് വെള്ളച്ചാട്ടത്തിലൂടെ നടക്കാം. വെള്ളച്ചാട്ടത്തിനു സമാന്തരമായി നിർമ്മിച്ച 'വാട്ടർ ടണലി'ലൂടെ പോകുന്നതും മനോഹരമായ അനുഭവമാണ്.
പുറത്തേക്ക് കടക്കുന്ന ഭാഗത്ത് പൂക്കളോടു കൂടിയ വലിയ പാറകളുണ്ട്. ഇതിന്റെ വലതുവശത്തായി ചെറുതും പ്രകൃതിദത്തമെന്ന് തോന്നിക്കുന്നതുമായ വെള്ളച്ചാട്ടങ്ങളും കാണാം. കാണാൻ വളരെ മനോഹരമാണ് ഇവ. തുടർന്ന് ഒരു പാലത്തിലേക്കാണ് കടന്നു ചെല്ലുക. വെള്ളച്ചാട്ടത്തെ അഭിമുഖീകരിക്കുന്ന ഈ പാലത്തിനു മുകളിൽ നിൽക്കുമ്പോൾ ദൂരെ വർണ്ണാഭമായ മഴവില്ലിന്റെ കാഴ്ചയും കാണാം.
പോപ്പ്‌കോണും ചൈനീസ് സോസേജുകളും വിൽക്കുന്ന ചെറിയ കടകളും പർക്കിലുണ്ട്. പാർക്ക് കഴിഞ്ഞാൽ ഉടനെ വരുന്ന റോഡിൽ വ്യത്യസ്തമായ ഭക്ഷണവിഭവങ്ങൾ വിളമ്പുന്ന റെസ്റ്റോറന്റുകൾ ധാരാളമുണ്ട്. വൈകുന്നേരമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.