കിളിമാനൂർ: നിറക്കൂട്ടുകളിൽ ഒപ്പി രാജേന്ദ്രൻ എഴുതുന്ന ഓരോ ചുവരെഴുത്തിനുമുണ്ട് ഒരു രാഷ്ട്രീയം. മേഖലയിലെ എല്ലാ രാഷ്ട്രീയ പാർട്ടിക്കാർക്കും ഈ ചെറുപ്പക്കാരൻ 'സ്വന്തംപാർട്ടി"ക്കാരനാണ്. രാജേന്ദ്രന് ഒരു രാഷ്ട്രീയമുണ്ട്. പക്ഷേ തൊഴിൽ അന്നമായതുകൊണ്ട് തത്കാലം അത് അദ്ദേഹം പറയില്ല.
25 വർഷത്തോളമായി കിളിമാനൂർ മേഖലയിൽ തിരഞ്ഞെടുപ്പ് കാലത്തെ തിരക്കുള്ള ജീവിതമാണ് നഗരൂർ, കീഴ്പേരൂരിൽ മിഥുൻ ഭവനിൽ രാജേന്ദ്രന്റേത് (45). തിരഞ്ഞെടുപ്പ് സമയത്ത് പലപ്പോഴും വീട്ടിൽപോലും പോകാനാകില്ല. അതിരാവിലെ മുതൽ രാത്രി വരെ ചുവരെഴുത്ത് തന്നെ.
ഫ്ളക്‌സുകൾ നിരോധിച്ചതോടെ പഴയ തുണിബാനർ തിരിച്ചുവന്നു. രാത്രിയിൽ ഇതിന്റെ തിരക്ക്. പലപ്പോഴും ഒരിടത്തു വച്ചായിരിക്കും എല്ലാ പാർട്ടിക്കാരുടെയും ബാനർ എഴുന്നത്. പക്ഷേ ഇവിടെയെത്തുന്നവർ രാഷ്ട്രീയം പറയരുതെന്ന് മാത്രം.
25 വർഷം മുമ്പ് നിലമേൽ ടൗണിനടുത്ത് സി.പി.ഐയുടെ പാർട്ടി ഓഫീസിൽ ബാനറിലും മറ്റും എഴുതിയാണ് ബാലപാഠങ്ങൾ അഭ്യസിച്ചത്. ഇന്ന് കിളിമാനൂർ, നഗരൂർ പഞ്ചായത്ത് പ്രദേശങ്ങളിലെ ഏതാണ്ട് എല്ലാ ചുമരുകളിലും രാജേന്ദ്രന്റെ അക്ഷരങ്ങൾ പതിഞ്ഞു കഴിഞ്ഞു. തിരിക്കായതോടെ ബിഭു കുമാർ, കഷോർ എന്നീ സഹായികളു ഒപ്പമുണ്ട്. കാൽ നൂറ്റാണ്ടിനിടയിൽ വിവിധ പാർട്ടികൾക്കായി ചുവരെഴുതുന്ന തന്നോട് സ്ഥാനാർത്ഥിയാകാൻ താത്പര്യമുണ്ടോയെന്ന് ആരും ചോദിച്ചിട്ടില്ലെന്നും രാജേന്ദ്രൻ പറയുന്നു.