സൗന്ദര്യാസ്വാദകർക്കും ചരിത്രവും പാരമ്പര്യവും തേടുന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട രാജ്യമാണ് ഗ്രീസ്. ജനാധിപത്യത്തിന്റെ കളിത്തൊട്ടിലെന്ന് ലോകം വിളിക്കുന്ന, ഒളിമ്പിക്സിന്റെയും തത്വചിന്തയുടെയും ജ്യാമിതിയുടെയുമെല്ലാം ഉറവിടമായ, ഒരുപാട് മഹാരഥന്മാർക്ക് ജന്മം നൽകിയ ഗ്രീസ്, പ്രകൃതിഭംഗിയുടെയും അത്ഭുത നിർമ്മിതികളുടെയും കാര്യത്തിലും ഒട്ടും പിന്നിലല്ല. പഞ്ചാരമണൽ ബീച്ചുകളും പുരാതന ആരാധനാലയങ്ങളുമടക്കം കണ്ണിന് ആനന്ദം പകരുന്ന ഒട്ടേറെ കാഴ്ചകൾ. ഇക്കൂട്ടത്തിൽ സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന വാസ്തുവിസ്മയമാണ് പനാജിയ കകാവിയോട്ടിസ എന്ന ക്രിസ്ത്യൻ പള്ളി. മേൽക്കൂരയില്ലാതെ നിർമ്മിച്ചിരിക്കുന്നു എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.
ഗ്രീസിലെ ഏറ്റവും സവിശേഷവും മനോഹരവുമായ പള്ളികളിലൊന്നാണ് പനാജിയ കകാവിയോട്ടിസ. നോർത്ത് ഈജിയനിലെ ലെംനോസ് ദ്വീപിൽ കകാവോസ് പർവ്വതത്തിന് മുകളിൽ സ്ഥിതി ചെയ്യുന്നതിനാലാണ് ഇതിന് കകാവിയോട്ടിസ എന്ന് പേര് വന്നത്. പർവ്വതത്തിന്റെ മുകൾവശത്തായി, ഒരു ഭീമൻ ഗുഹയ്ക്കകത്താണ് ഈ കെട്ടിടം. ഗുഹയുടെ മുകൾവശം കെട്ടിടത്തെ മഴയിൽ നിന്നും വെയിലിൽ നിന്നുമെല്ലാം രക്ഷിക്കുന്നു.
എഡി 1416 ൽ കകാവോസ് പർവതപ്രദേശത്തേക്ക് പലായനം ചെയ്‌തെത്തിയ അഭയാർത്ഥി സന്യാസിമാരാണ് ഈ ഗ്രീക്ക് ഓർത്തഡോക്സ് പള്ളി പണിതത്. അജിയോസ് എഫ്സ്ട്റാറ്റിയോസിലെ തുർക്കി അധിനിവേശത്തിൽ നിന്ന് ഓടിയെത്തിയ സന്യാസിമാരും പുരോഹിതന്മാരും ഇവിടം തങ്ങളുടെ അഭയകേന്ദ്രമാക്കി മാറ്റി. പർവതനിരയിലെ ഗുഹയുടെ പ്രവേശന കവാടത്തിൽ തന്നെ നിർമ്മിച്ച മേൽക്കൂരയില്ലാത്ത ഈ പള്ളി ആത്മീയ സഞ്ചാരികൾക്കും കൗതുകമുണർത്തുന്ന സവിശേഷ ഘടനകളുടെ ഭംഗി ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്.
കാൽനടയായി വേണം പള്ളിയിലെത്താൻ. താഴെ നിന്ന് ഏറ്റവും മുകളിലെത്താൻ ചെളി നിറഞ്ഞ വഴിയിലൂടെ 20 മിനിറ്റ് കുത്തനെ നടന്നു കയറണം.
താനോസ് ഗ്രാമത്തോട് ചേർന്നാണ് കാനോസ് പർവതം സ്ഥിതി ചെയ്യുന്നത്. കൊടുമുടിയിലെ പള്ളിയിൽ നിന്ന് നോക്കിയാൽ ഈജിയൻ കടലിന്റെയും ചുറ്റുമുള്ള പർവതനിരകളുടെയും അതിസുന്ദരമായ ദൃശ്യം കാണാം. ശിലകൾ നിറഞ്ഞ കുന്നുകൾക്കും പർവതനിരകൾക്കുമിടയിൽ സ്ഫടികം പോലെ തെളിഞ്ഞ സമുദ്റക്കാഴ്ച കാണാനാവുന്ന മൗഡ്റോസ് ബേയുടെ വിദൂരദൃശ്യവും അവിസ്മരണീയമായ അനുഭവമാണ് സഞ്ചാരികൾക്ക് പകർന്നു നൽകുക. ഉദയവും അസ്തമയവുമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും മികച്ച സമയങ്ങൾ. ഈസ്റ്റർ ചൊവ്വാഴ്ചയാണ് ഇവിടെ തീർത്ഥാടകർക്ക് ഏറ്റവും പ്രധാനപ്പെട്ട സമയം.