പേരാമ്പ്ര: വന്യമൃഗ ശല്യം രൂക്ഷമായ മലയോരത്ത് കർഷക പ്രതിഷേധം ശക്തമാകുന്നു. നേരത്തെ വനമേഖലയോട് ചേർന്നാണ് കാട്ടുപന്നികൾ കൃഷി നശിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോളിവ നാടുകളിലും എത്തുകയാണെന്ന് കർഷകർ പറഞ്ഞു. ചെമ്പനോട, കൂത്താളി, കിഴക്കൻ പേരാമ്പ്ര, ചങ്ങരോത്ത്, കോട്ടൂർ തുടങ്ങിയ മേഖലകളിൽ കൃഷി ചെയ്ത കപ്പ, വാഴ, ചേമ്പ്, ചേന, തുടങ്ങിയവ വ്യാപകമായി നശിപ്പിക്കപ്പെടുകയാണ്. കൊവിഡ് കാലത്ത് ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി വ്യക്തികൾ സ്വന്തമായും സ്വാശ്രയ സംഘങ്ങളുടെ ആഭിമുഖ്യത്തിലും കൃഷി ചെയ്ത ഇനങ്ങളാണ് ഏറെയും നശിപ്പിക്കപ്പെടുന്നത്. അതിനിടെ ഇവയുടെ ശല്യത്തിനെതിരെ മേഖലയിൽ പ്രതിഷേധം ശക്തമായി. കൃഷി നശിപ്പിക്കുന്ന പ്രവണതക്ക് പരിഹാരം കാണാതെ വോട്ടും തേടി ഒരാളും തന്റെ വീടിന്റെ പടി ചവിട്ടരുതെന്ന മുന്നറിയിപ്പുമായി കർഷകൻ രംഗത്തെത്തി.
ചെമ്പനോട കുറത്തിപ്പാറജോസാണു വീടിന്റെ പടിഭാഗത്ത് മുന്നറിയിപ്പു ബാനർ സ്ഥാപിച്ചത്. പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിന്റെ മേഖലയിൽ പെടുന്ന ഭാഗമാണിത്. വന്യമൃഗശല്യം കാരണം പൊറുതിമുട്ടിയ കർഷകരാണു ഇവിടെയുള്ളത്. ജോസിന്റെ ഇടവിളകൃഷികൾ കാട്ടുപന്നിക്കൂട്ടം പാടെ നശിപ്പിച്ച സ്ഥിതിയിലാണ്. വനമേഖലയിലെ മനുഷ്യരുടെ ഇടപെടലും ഭക്ഷ്യക്ഷാമവും കാരണമാണ് വന്യ ജീവികൾ നാട്ടിൽ ഇറങ്ങുന്നത്. ആവാസ വ്യവസ്ഥ സംരക്ഷിക്കുന്ന വിധത്തിൽ വനമേഖലയും കൃഷിയിടങ്ങളും സംരക്ഷിക്കാൻ അധികൃതർ നടപടി സ്വീകരിക്കമെന്നും കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യമുയർന്നു.