പെരുമ്പാവൂർ: വീണ്ടും ഒരു തിരഞ്ഞെടുപ്പു കാലം കൂടി സജീവമായിരിക്കുന്നു. ഇത്തവണ കൊവിഡ് വ്യാപനത്തിനിടയിലാണ് തിരഞ്ഞെടുപ്പു പ്രചാരണങ്ങൾ നടക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. തിരഞ്ഞെടുപ്പു പ്രചാരണ കാഴ്ചളുമായി ബന്ധപ്പെട്ട ടൂറിസം ആണ് 'പോൾ ടൂറിസം '. പോൾ ടൂറിസം ജനങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് അദ്ധ്യാപകനായ കെ.ഐ. എബിൻ.
പോൾ ടൂറിസത്തിന്റെ പ്രചാരണത്തിനായി മഹാത്മാ ഗാന്ധി സർവകലാശാലയിലെ ടൂറിസം അദ്ധ്യാപകനും സഞ്ചാരിയും എഴുത്തുകാരനുമായ പെരുമ്പാവൂർ സ്വദേശി കെ. ഐ. എബിൻ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു ഫോട്ടോകൾ എടുക്കുന്നുണ്ട്. പെരുമ്പാവൂരിനടുത്തുള്ള സ്ഥലങ്ങൾ സൈക്കിളിൽ സന്ദർശനം നടത്തിയാണ് എബിൻ തെരഞ്ഞെടുപ്പു കാഴ്ചകൾ പകർത്തുന്നത്. സീസണൽ ടൂറിസം കാഴ്ചകളിൽ ഉൾപ്പെടുന്ന പോൾ ടൂറിസത്തിനു കേരളത്തിൽ വൻ സാദ്ധ്യതകൾ ഉണ്ടെന്നാണ് എബിൻ പറയുന്നത്.
അടുത്ത മാസം തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ തിരക്കിലാണ് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും. എങ്ങും മനോഹരവും വൈവിദ്ധ്യവുമാർന്ന പാർട്ടി ചിഹ്നങ്ങളും സ്ഥാനാർഥികളുടെ ഫോട്ടോയും നിറഞ്ഞ തിരഞ്ഞെടുപ്പു പോസ്റ്ററുകൾ. തീപ്പൊരി വാചകങ്ങളും കൂടി ചേരുമ്പോൾ ആരാണ് തിരഞ്ഞെടുപ്പു പോസ്റ്ററുകൾ ശ്രദ്ധിക്കാത്തത്.
ഗ്രാമങ്ങളും നഗരങ്ങളും വ്യതാസമില്ലാതെ വഴിയോരങ്ങളിലെ മതിലുകളിലും മരങ്ങളിലും പോസ്റ്ററുകൾ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. കവലകളിൽ ആണ് പല വലിപ്പത്തിലുള്ള പോസ്റ്ററുകളുടെ എണ്ണം ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചാരണം ഉണ്ടെങ്കിലും ആവേശം അതിന്റെ മുൾമുനയിൽ എത്തുന്നത് വഴിയോരങ്ങളിലെ പ്രചാരണങ്ങളിൽ ആണ്. മികച്ച ചിത്രങ്ങൾ എടുക്കാൻ വേണ്ടി സഞ്ചാരികൾ റോഡരികിൽ വാഹനങ്ങൾ നിർത്തുന്നു. മിക്കവർക്കും താല്പര്യം സ്ഥാനാർത്ഥിയുടെ ഫോട്ടോയ്ക്കും ചിഹ്നത്തോടൊപ്പം നിന്ന് സെൽഫി എടുക്കാൻ ആണ്. മാസ്‌കിലും പാർട്ടി ചിഹ്നവും സ്ഥാനാർത്ഥിയുടെ പേരും വരുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പു പ്രചാരണ കാലത്തെ വ്യത്യസ്തമാക്കുന്നത്. വൻ കട്ട്ഔട്ടുകൾ വോട്ടർമാരുടെ ശ്രദ്ധ പെട്ടെന്ന് ആകർഷിക്കുന്നുണ്ട്. ട്രെയിൻ, ബസ് എന്നീ ചിത്രങ്ങളുടെ പശ്ചാത്തലം സ്വതന്ത്ര സ്ഥാനാർത്ഥികൾ പ്രചാരണത്തിനായി ഉപയോഗിക്കുന്നുണ്ട്.