കാഞ്ഞങ്ങാട്: പള്ളിക്കര പഞ്ചായത്തിലെ 9,10 വാർഡുകളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതിഷേധിച്ച് ലീഗ് പ്രവർത്തകർ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങുന്നു. വാർഡ് കമ്മിറ്റികളിൽ ആലോചന നടത്താതെ മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി സ്ഥാനാർത്ഥികളെ വാർഡുകളിലേക്ക് കെട്ടിയിറക്കിയതിനെതിരെയാണ് പ്രതിഷേധം. വാർഡ് 9 ബങ്ങാട്, ചെരുമ്പ, വാർഡ് 10 പള്ളാരം, പെരിയാട്ടടുക്കം പ്രദേശങ്ങൾ മുസ്ലീം ലീഗിന്റെ ശക്തി കേന്ദ്രമാണ്.
വാർഡുകളിലെ പ്രവർത്തകരെ പങ്കെടുപ്പിച്ച് യോഗമോ കൂടിയാലോചനയോ നടത്താതെ വാർഡിന് പുറത്തുള്ളവരെ സ്ഥാനാർത്ഥിയാക്കിയതിന് എതിരെയാണ് വാർഡിൽ പ്രതിഷേധമുയർന്നത്. നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്നലെയാണ് 9,10 വാർഡുകളിലെ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചത്.
ഇതിൽ വാർഡ് 9ലെ സ്ഥാനാർത്ഥി ഹദ്ദാദ് സ്വദേശിനിയാണ്. പള്ളിക്കര പഞ്ചായത്തിലെ 9,10 വാർഡുകൾ വനിതാ സംവരണമാണ്. ലീഗിന്റെ പഞ്ചായത്ത് കമ്മിറ്റിയാണ് വാർഡുകളിലെ സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. രാഷ്ട്രീയ എതിരാളികളായ സി.പി.എമ്മിനോട് പടവെട്ടി 9,10 വാർഡുകളിൽ പാർട്ടി വളർത്തിയ ലീഗ് പ്രവർത്തകരെ അവഗണിച്ച് മുസ്ലീം ലീഗിന്റെ പഞ്ചായത്ത് നേതൃത്വം തീരുമാനമെടുത്തതിനെതിരെ ചെരുമ്പ, പെരിയാട്ടടുക്കം പ്രദേശത്തെ യുവാക്കളായ ലീഗ് പ്രവർത്തകർക്കിടയിൽ ശക്തമായ അമർഷമുണ്ട്. ഈ അമർഷം വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് പ്രകടിപ്പിക്കാനാണ് ഇവരുടെ തീരുമാനം. പള്ളിക്കര പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റിക്കെതിരെ ചെരുമ്പ ശാഖയിലെ മുസ്ലീം ലീഗ് പ്രവർത്തകർ ശക്തമായ ഭാഷയിലാണ് നവ മാദ്ധ്യമങ്ങളിൽ പ്രതികരിച്ചത്. പഞ്ചായത്ത് കമ്മിറ്റിയുടെ നിലപാട് പള്ളിക്കര പഞ്ചായത്തിലെ മുസ്ലീം ലീഗ് സ്ഥാനാർത്ഥികളുടെ വിജയ സാധ്യതയെ ബാധിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാതെ മാറി നിൽക്കാനാണ് യുവാക്കളായ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്നും ഇവർ പറയുന്നു. ലീഗ് പഞ്ചായത്ത് നേതൃത്വത്തിനെതിരെ യുവാക്കൾ ഉയർത്തിയ പ്രതിഷേധം ലീഗ് നേതാക്കളെ ഞെട്ടിച്ചിട്ടുണ്ട്.