മുക്കം: കാട്ടുപന്നികളെ പേടിച്ച് കർഷകർ കൃഷി ഉപേക്ഷിക്കുന്ന കാലമാണ്. കൃഷിയിറക്കാൻ കർഷകരും വിളവെടുക്കാൻ പന്നികളുമെന്ന അവസ്ഥ ആയതോടെയാണ് കർഷകർ കൃഷിയിൽ നിന്ന് പിൻമാറാൻ തുടങ്ങിയത്. എന്നാൽ കൃഷി ഉപേക്ഷിക്കുകയല്ല ആദായകരമാക്കി മാറ്റുകയും പന്നികളെ തോൽപിക്കുകയുമാണ് ഇവിടെ ഒരു കർഷകൻ ചെയ്യുന്നത്. ചേന്ദമംഗല്ലുർ പുൽപറമ്പിലെ അബ്ദുറഹ്മാൻ എന്ന ഈ എഴുപതുകാരൻ കർഷകന്റെ കൃഷി പന്നികൾക്ക് കണ്ടെത്താനാവില്ല. കണ്ടെത്തിയാലും കയറിയെത്താൻ കഴിയില്ല. കാരണം ഇദ്ദേഹത്തിന്റെ കൃഷി മട്ടുപ്പാവിലാണ്. അതും നല്ല ആദായം നൽകുന്ന കൃഷി. ഔഷധ ഗുണമുള്ളതും അതിനാൽ നല്ല ഡിമാന്റുള്ളതും വില കിട്ടുന്നതുമായ കൂവയാണ് ഇദ്ദേഹം മട്ടുപ്പാവിൽ കൃഷി ചെയ്യുന്നത്. ചെടിച്ചട്ടികളും ചാക്കുകളും മറ്റുമാണ് ഇതിനുപയോഗിക്കുന്നത്. പച്ചക്കറികളാണ് ആദ്യം മട്ടുപ്പാവിൽ കൃഷി ചെയ്തു തുടങ്ങിയത്. പിന്നീട് കൂവ കൃഷിയിലേക്ക് ചുവട് മാറ്റുകയായിരുന്നു. മൂന്നു വർഷമായി ഈ രീതി തുടരുന്നു. നൂറോളം ചാക്കുകളും ചട്ടികളും ഉപയോഗിക്കുന്നു. കുവ ഏഴുമാസം കൊണ്ട് വിളവെടുക്കാനാവും. മികച്ച വിളവാണ് ഉത്തവണ ലഭിച്ചതെന്ന് അബ്ദുറഹ്മാൻ പറഞ്ഞു. ഒന്നര ക്വിന്റൽ കൂവ ലഭിച്ചു.15 കിലോഗ്രാം കൂവപ്പൊടി ഇതിൽ നിന്നു ലഭിക്കും.ഒരു കിലോഗ്രാമിന് 1000 രൂപ വില കിട്ടും. അദ്ധ്വാനിക്കാൻ മനസ്സും കൃഷിയിൽ താത്പര്യവുമുണ്ടെങ്കിൽ കൃഷിഭൂമി ഇല്ലെങ്കിലും കൃഷി ചെയ്യാമെന്നാണ് ഈ കർഷകൻ പറയുന്നത്.