കല്ലമ്പലം: പത്രവിതരണത്തിനിടെ കൊച്ചു വർത്തമാനവും വോട്ടഭ്യർത്ഥനയുമായി വ്യത്യസ്തനാവുകയാണ് ഈ പത്ര ഏജന്റ്. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡായ താഴെ വെട്ടിയറയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ കേരളകൗമുദി പറകുന്ന്‍ ഏജന്റ് ജി. ഉദയനാണ് ഇപ്പോൾ നാട്ടിലെ താരം. പത്രം വരുത്തുന്ന വീട്ടുകാരുമായുള്ള സൗഹൃദം വോട്ടാക്കി മാറ്റാമെന്നാണ് ഉദയന്റെ പ്രതീക്ഷ.
കുശലാന്വേഷണങ്ങൾക്കിടയിലും വോട്ട് ചോദിക്കാൻ മറക്കില്ല. പത്ര വിതരണത്തിന്റെ തിരക്കൊഴിഞ്ഞാൽ പിന്നെ വോട്ടു തേടിയുള്ള അലച്ചിലാണ്. ഓട്ടോറിക്ഷ തൊഴിലാളി കൂടിയായ ഉദയന്റെ സൗഹൃദ വലയമാണ് മത്സരിക്കാനുള്ള പ്രചോദനം. പത്ര വിതരണ മേഖലയിലെ മാലിന്യ പ്രശ്നം സംബന്ധിച്ച് നിരവധി പരാതികൾ പഞ്ചായത്തിൽ നൽകിയിട്ടും നടപടിയുണ്ടാകാത്തതിലുള്ള മനോവിഷമവും മത്സരിക്കാൻ കാരണമായി. വിജയിച്ചാൽ പ്രദേശത്ത് മാലിന്യം തള്ളുന്നതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും വാർഡിലെ മാലിന്യം സംഭരിച്ച് സംസ്‌കരിക്കുന്ന സ്ഥിരം സംവിധാനം ഏർപ്പെടുത്തുമെന്നും ഉദയൻ പറഞ്ഞു.