dronar
ഇലസ്‌ട്രേഷൻ

'കിംഫി' (ജി.സു സഖാവിനോട് കടപ്പാട്) ആരെന്ന് ചോദിച്ചൂ / 'കിംഫി'യാരെന്ന് ചൊല്ലിനേൻ / ഐസക് സഖാവ്, കേട്ടഥ കോപിച്ചു / പിണറായി സഖാവേ പൊറുക്കണം... (കുഞ്ചൻ നമ്പ്യാർ ക്ഷമിച്ചിരിക്കുന്നുവെന്ന ഉറച്ച വിശ്വാസത്താൽ...)- ചെന്നിത്തല ഗാന്ധിയോ മറ്റോ ഇങ്ങനെ വല്ലതും സമീപകാലത്ത് പാടിപ്പോയാൽ തെറ്റ് പറയാനാവില്ല! ഐസക് സഖാവിനോടാണോ കളി!

ഇത് നമ്മുടെ കിഫ്ബിയുമായി ബന്ധപ്പെട്ട ചെറിയൊരു താർക്കികപ്രശ്നമാണ്. പോളണ്ടിനെപ്പറ്റി ആരും മിണ്ടരുത് എന്ന് പറഞ്ഞത് പോലെ, കിഫ്ബിയെ പറ്റി ആരുമൊരക്ഷരം ഉരിയാടരുത് എന്നതാണ് തോമസ് ഐസക് സഖാവിന്റെ ഉള്ളിലിരിപ്പ്. അദ്ദേഹമത് പലപ്പോഴും തുറന്നുപറയാറുള്ളതാണ്. ഉള്ളിലിരിപ്പ് മനസ്സിൽ മാത്രം കൊണ്ടുനടക്കുന്ന പ്രകൃതക്കാരനല്ല അദ്ദേഹം. അതിപ്പോൾ സി.എ.ജി വന്ന് കിംഫിക്കെന്താ കൊമ്പുണ്ടോ (സോറി, കിഫ്ബി) എന്ന് ചോദിച്ചാലും ഐസക് സഖാവിന്റെ മസിൽ പെരുത്തുകയറും. ഐസക് സഖാവും കിഫ്ബിയും ഒരാത്മാവും രണ്ട് ശരീരവും പോലെയാണ്. ഐസക് സഖാവ് ചിരിച്ചാലേ കിംഫി ചിരിക്കൂ, ഐസക് സഖാവ് കരഞ്ഞാലേ കിംഫി കരയൂ എന്ന മട്ടിലാണ് കാര്യങ്ങൾ. കിംഫി ബകനാണ് എന്നൊക്കെ ജി.സു. സഖാവിന് തോന്നിപ്പോയത് പോലും ഐസകിന്റെ ചിരി കണ്ടിട്ടായിരുന്നു. ജി.സു. സഖാവ് ബകനെന്ന് വിളിച്ചാൽ ബകനായി മാറുന്ന ദേഹമല്ല കിഫ്ബിയുടേതെന്ന് തിരിച്ചറിവുള്ളത് കൊണ്ടുമാത്രം, ജി.സു.വിനെ മാർക്സ് രക്ഷിക്കട്ടെയെന്ന് സ്വയം ആശ്വസിക്കുകയാണ് ഐസക് സഖാവ് ചെയ്തത്. മറുപടി വല്ലതും പറയാൻ പോയാൽ, പിന്നെ സമാധാനം പറയാൻ പിണറായി സഖാവ് ഇടപെട്ടാൽ പോലും സാധിച്ചില്ലെന്ന് വരുമെന്ന കടുത്ത യാഥാർത്ഥ്യവും ഉൾക്കൊണ്ടു!

കിംഫിക്കായി(കിഫ്ബി) മസാല ബോണ്ടുണ്ടാക്കാൻ ഐസക് സഖാവ് പിണറായി സഖാവിനെയും കൂട്ടി ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ ചെന്ന് മണിയടിക്കുകയുണ്ടായി. അതൊരു നല്ല കാര്യത്തിന് വേണ്ടിയായിരുന്നു എന്ന് സി.എ.ജി മനസ്സിലാക്കേണ്ടതായിരുന്നു. മസാലബോണ്ടിന് മണിയടിച്ചപ്പോൾ മസാലപ്പരുവത്തിൽ മണിമണിയായിട്ടാണ് ബോണ്ട് വന്നത്. ആ ബോണ്ടിനെ സി.എ.ജി ഒരിക്കലും സംശയിക്കരുതായിരുന്നു.

ബോണ്ടുണ്ടാക്കുക ചില്ലറ കാര്യമല്ല. മാർക്സിനോട് വരെ കണക്ക് പറഞ്ഞാണ് അതൊപ്പിച്ചെടുത്തത്. 'രണ്ടേ കാലെന്ന് കല്പിച്ചു/ രണ്ടേ കാലെന്നിതയ്യനും/ ഉണ്ടോ കാലെന്ന് പണ്ടാല/ ഉണ്ടില്ലിന്നിത്ര നേരവും...' എന്ന് നമ്പ്യാർ തന്നെ പാടിയത് പോലെയായിരുന്നു ഐസക് സഖാവിന്റെ അന്നത്തെ മാനസികാവസ്ഥ. മാർക്സിനോട് ഐസക് സഖാവ് തർക്കിക്കുമ്പോൾ കൂടെ നിന്ന് തലയാട്ടി താളമൊപ്പിക്കുകയുണ്ടായി പിണറായി സഖാവ്.

അങ്ങനെ പരുവപ്പെടുത്തിയെടുത്ത മസാലബോണ്ടിനെപ്പറ്റി അപവാദം പ്രചരിപ്പിക്കുന്നത് ഏത് സി.എ.ജി ആയാലും വച്ചുപൊറുപ്പിക്കാനാവില്ല. ഈറ്റുപാമ്പ് കടിക്കാനായി ചീറി വന്നടുത്താൽ, ഏറ്റുനിന്ന് നല്ല വാക്ക് പറഞ്ഞാൽ പറ്റില്ലല്ലോ. കുത്താൻ വരുന്ന പോത്തിനോട് വേദമോതിയിട്ടും കാര്യമില്ല.

സി.എ.ജി ഈ റിപ്പോർട്ടെങ്ങാനും നിയമസഭയിൽ കൊണ്ടുവച്ചാൽ തീർന്നു, സംഗതി! മസാലബോണ്ട് സഹിതം ഐസക് സഖാവ് പെട്ടുപോകുമെന്ന് പ്രത്യേകിച്ചാരും പറയേണ്ട. അങ്ങനെയൊരു മസാല പുരട്ടിയ ഇറച്ചിക്കറിപ്പരുവത്തിൽ ആകാനൊന്നും ഐസക് സഖാവിനെ കിട്ടില്ല. ഭരണഘടനയൊക്കെ അവിടെ നിൽക്കട്ടെ. അതുക്കും മേലെയാണ് ഐസക് സഖാവ്. സി.എ.ജി വെറുമൊരു കുറുനരി. കടുതായ് ശബ്ദിക്കും കുറുനരിയെ കടുവയതുണ്ടോ പേടിക്കുന്നൂ?

.....................................................

- കിഫ്ബിയുടെ മസാല ബോണ്ട് പരിപാടി ഭരണഘടനാവിരുദ്ധമാണെന്നും ഇല്ലാത്ത അധികാരം സംസ്ഥാനസർക്കാർ എടുത്തുപയോഗിക്കുകയുമാണെന്നും ഒക്കെ സി.എ.ജിക്ക് പറയാം. സി.എ.ജിക്ക് ഇടംവലം നോക്കാനില്ല. പറഞ്ഞങ്ങ് പോയാൽ മതി.

പിന്നീട് അനുഭവിക്കേണ്ടതത്രയും ഐസക് സഖാവാണ്. അതുകൊണ്ടാണ് സി.എ.ജി പറഞ്ഞത് നിയമസഭ കാണും മുമ്പേ ഐസക് സഖാവ് തുറന്നുപറഞ്ഞത്. ഇതെന്തോ ചോർത്തി, നിയമസഭയുടെ അവകാശം ലംഘിച്ചു എന്നൊക്കെയാണിപ്പോൾ ചെന്നിത്തല ഗാന്ധി വിലപിക്കുന്നത്.

നിയമസഭയിലിപ്പോൾ പഴയ പോലെയല്ല കാര്യങ്ങൾ. ശ്രീരാമകൃഷ്ണൻസ്പീക്കർ വന്നേപ്പിന്നെ കാര്യങ്ങളൊക്കെ ഹൈടെകായിരിക്കുന്നു. നിയമസഭയിലെത്തിയാൽ പിന്നെ ഒരു കാരണവശാലും ചോരാതിരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും അദ്ദേഹമവിടെ റെഡിയാക്കി വച്ചിട്ടുണ്ട്. ചോരുന്നെങ്കിൽ അവിടെ എത്തുന്നതിന് മുമ്പ് ചോരണം. ഇല്ലെങ്കിൽ പിന്നെ രക്ഷയില്ല. അത് മനസ്സിലാക്കിയത് കാരണമാണ് ഐസക് സഖാവ് നേരത്തേ അത് ചോർത്തിയത്. കള്ളൻ, കള്ളൻ എന്ന് പണ്ടേതോ കള്ളൻ നാട്ടുകാരെ വിളിച്ചുകൂട്ടി കളിപ്പിച്ചത് പോലെ എന്നൊക്കെ ചെന്നിത്തലഗാന്ധി, മുരളീധർജി മുതലായ പേരൊക്കെ പറയുന്നുണ്ട്. അങ്ങനെ കളിപ്പിക്കുന്നയാളല്ല ഐസക് സഖാവ് എന്നുള്ളതുകൊണ്ടും സി.എ.ജിയെ തുറന്നുകാട്ടിയാൽ അത് ആരോഗ്യത്തിന് ഹാനികരമാവില്ല എന്നതുകൊണ്ടുമാണ് ഐസക് സഖാവ് അത് ചോർത്തിയത്. അദ്ദേഹം അല്ലെങ്കിലും വിശാലമനസ്കനാണ്. സി.എ.ജിയെ നാലാൾ അറിയട്ടെയെന്ന്. അതിലെന്താണ് കുഴപ്പം. ചോർത്തിയെങ്കിൽ നിയമസഭ തന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോട്ടെയെന്ന് പറയാൻ ഐസക് സഖാവിനല്ലാതെ മറ്റാർക്ക് കഴിയും ഈ ഭൂമുഖത്ത്!

..................................

- തെറിക്കുത്തരം മുറിപ്പത്തൽ എന്ന കണക്കിലാണിപ്പോൾ കേരളത്തിലെ രാഷ്ട്രീയകാലാവസ്ഥ. അടി, ഇടി, തട എന്ന മട്ടിൽ. അന്വേഷണങ്ങൾ തലങ്ങും വിലങ്ങുമാണ്. അറസ്റ്റ്, ചോദ്യം ചെയ്യൽ, ശബ്ദരേഖ പുറത്തുവിടൽ എന്നിങ്ങനെ തിരഞ്ഞെടുപ്പുകാലത്ത് കാര്യങ്ങൾ തകൃതി.

നോർത്ത്ബ്ലോക്കിലെ മൂന്നാം നിലയിലെ കസേര ഇതാ കൈയെത്തിപ്പോയെന്ന് കരുതി ഇരിക്കുകയായിരുന്ന ചെന്നിത്തല ഗാന്ധിക്കെതിരെ പോലും പിണറായി സഖാവ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നു. കണ്ണിൽചോരയില്ലാത്ത നടപടി! ഫുട്ബാൾ മത്സരത്തിലെ ടൈബ്രേക്കർ പോലെയാണിപ്പോൾ തീപാറുന്ന മത്സരം. അപ്പുറത്ത് രണ്ട് ഗോളടിക്കുമ്പോൾ ഇപ്പുറത്തും രണ്ട്. സ്വപ്ന, ശിവശങ്കർ എന്ന് ഇ.ഡി പറയുമ്പോൾ വിജിലൻസ് വക മറുപടി ഖമറുദ്ദീൻ, ഇബ്രാഹിംകുഞ്ഞ് എന്ന്. ഇനിയുമെത്ര ഗോളടിക്കാനിരിക്കുന്നു എന്നിപ്പോൾ പറയാനാവില്ല. സംഭാവന കൂമ്പാരമാകുകയാണെങ്കിൽ പരിപാടി ഇനിയും ഗംഭീരമാകും എന്ന് മാത്രം പറഞ്ഞുകൊള്ളട്ടെ.

ഇ-മെയിൽ: dronar.keralakaumudi@gmail.com