ss

വർക്കല: നാല് റോഡുകൾ സംഗമിക്കുന്ന കണ്ണമ്പ ജംഗ്ഷനിൽ അപകടങ്ങളും അപകടമരണങ്ങളും പതിവാകുമ്പോഴും പൊതുജന സുരക്ഷ ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗവും പൊലീസും നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം.
ഇവിടെ നടന്ന അപകടങ്ങളിൽ പരിക്കേറ്റവർ ഇപ്പോഴും ചികിത്സകളിലാണ്. ഏറെ തിരക്കേറിയ പുന്നമൂട് - നടയറ- പാരിപ്പള്ളി ഭാഗത്തേക്ക് പോകുന്ന പ്രധാന ജംഗ്ഷനാണ് കണ്ണമ്പ.

പുന്നമൂട്, പാരിപ്പള്ളി ഭാഗങ്ങളിൽ നിന്നും അമിത വേഗതയിലാണ് വാഹനങ്ങൾ കണ്ണമ്പയിലേക്ക് എത്തുന്നത്. പുന്നമൂട് റെയിൽവേ ഗേറ്റ് അടച്ച് തുറക്കുന്ന സമയത്ത് വാഹനങ്ങളുടെ വേഗതയും കൂടും. പുന്നമൂട്ടിലെയും സ്റ്റാർ തിയേറ്ററിന് സമീപത്തെയും റെയിൽവേ ഗേറ്റുകൾ തുറക്കുമ്പോൾ ഇരു റോഡുകളിൽ നിന്നും വാഹനങ്ങൾ ഒരുമിച്ച് കണ്ണമ്പയിൽ എത്തും. വാഹനങ്ങളുടെ തിരക്കും അമിത വേഗതയും ഇവിടെ അപകടങ്ങൾ വർദ്ധിപ്പിക്കുകയാണ്.

കണ്ണമ്പ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങൽ സാധനങ്ങൾ റോഡിലേക്ക് നിരത്തി വെക്കുന്നതും അപകടത്തിന് ആക്കം കൂട്ടുന്നുണ്ട്. റോഡ് കൈയേറി ഇത്തരത്തിൽ കച്ചവടം ചെയ്യുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നില്ലായെന്നും ആക്ഷേപമുണ്ട്.

സ്ഥാപനങ്ങൾക്ക് മുന്നിൽ വാഹനങ്ങൾ ഗതാഗത തടസം സൃഷ്ടിച്ച് പാർക്ക് ചെയ്യുന്നതും അപകടങ്ങൾക്ക് മറ്റൊരു കാരണമാണ്. എന്നാൽ ശാശ്വതമായ പരിഹാരം കാണാൻ അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ നാളിതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്ന് വിവിധ സംഘടന ഭാരവാഹികൾ ആരോപിച്ചു. പൊലീസുകാരുടെ കുറവാണ് ഗതാഗത നിയന്ത്രണത്തിന് കാരണമായി പറയുന്നത്.