ബാലരാമപുരം: ഇടതുകോട്ടയായ ബാലരാമപുരം ജില്ലാ ഡിവിഷനിൽ അട്ടിമറി വിജയം തേടാമെന്ന പ്രതീക്ഷയിൽ തന്ത്രങ്ങൾ മെനയുകയാണ് യു.ഡി.എഫും ബി.ജെ.പിയും. എന്നാൽ ഡിവിഷൻ നിലനിറുത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ.ഡി.എഫ്.

1990ൽ ഡിവിഷൻ നിലവിൽ വന്നതു മുതൽ സി.പി.എം ഇവിടെ തോൽവിയറിഞ്ഞിട്ടില്ല. ജില്ലാ കമ്മിറ്റി അംഗം പി. രാജേന്ദ്രകുമാറാണ് ഡിവിഷനിലെ സി.പി.എം സ്ഥാനാർത്ഥി. കാഞ്ഞിരംകുളം പി.കെ.എസ്.എച്ച്.എസിൽ എസ്.എഫ്.ഐ പ്രവർത്തകനായി രാഷ്ട്രീയ രംഗത്തെത്തി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി,​ സി.പി.എം കോവളം ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗവ. ആർട്സ് കോളേജ്,​ ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് എന്നിവിടങ്ങളിൽ കോളേജ് വിദ്യാഭ്യാസം. ബിരുദ പഠനകാലത്ത് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. വിനോദ് കോട്ടുകാലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ വിനോദ് കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം,​ കെ.എസ്.യു ജില്ലാ സെക്രട്ടറി,​ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബി.എ,​ ബി.എ.എൽ,​ എൽ.എൽ.ബി ബിരുദധാരിയാണ്. ബി.ജെ.പി സംസ്ഥാന സമിതി അംഗമായ ഡോ. അതിയന്നൂർ ശ്രീകുമാറാണ് എൻ.ഡി.എ സ്ഥാനാർത്ഥി. പതിനാറാം വയസിൽ ആർ.എസ്.എസ് ശാഖയിൽ പ്രവർത്തനം തുടങ്ങിയ ശ്രീകുമാർ കർഷക മോർച്ച ജില്ലാ പ്രസിഡന്റ്,​ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ്,​ ബി.ജെ.പി സംസ്ഥാനസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ശ്രീകുമാർ മലയാളത്തിൽ പി.എച്ച്.ഡി നേടിയിട്ടുണ്ട്. കോട്ടുകാൽ ഗ്രാമപഞ്ചായത്ത് - 19, ബാലരാമപുരം -17,​ അതിയന്നൂർ -14 എന്നീ അമ്പതുവാർഡുകളാണ് ബാലരാമപുരം ജില്ലാ ഡിവിഷനിലുള്ളത്. ഇടതുമുന്നണിയിലെ അഡ്വ.എസ്. പ്രീജ കഴിഞ്ഞതവണ കോൺഗ്രസിലെ അഡ്വ. ആഗ്നസ് റാണിയെ 4935 വോട്ടുകൾക്കാണ് ഇവിടെ പരാജയപ്പെടുത്തിയത്.