അതിർത്തിയിൽ ചൈന ഒന്നടങ്ങാൻ തുടങ്ങിയപ്പോൾ ഇന്ത്യാ വിരുദ്ധത ഭരണവ്രതമാക്കിയിട്ടുള്ള പാകിസ്ഥാന്റെ ഊഴം തുടങ്ങിയിരിക്കുകയാണ്. പതിവുപോലെ കാശ്മീരിൽ വിധ്വംസക പ്രവർത്തനങ്ങൾ നടത്തി ജനങ്ങൾക്കിടയിൽ അരക്ഷിതബോധം സൃഷ്ടിക്കാനുള്ള ശ്രമമാണു നടക്കുന്നത്. മറ്റൊരു വിശാല ലക്ഷ്യം കൂടിയുണ്ട് ഇപ്പോഴത്തെ അട്ടിമറി പ്രശ്നങ്ങൾക്കു പിന്നിൽ. അതു മറ്റൊന്നുമല്ല. ജമ്മുകാശ്മീരിൽ ഒരാഴ്ച കഴിഞ്ഞ് നടക്കാനിരിക്കുന്ന ജില്ലാ വികസന സമിതി തിരഞ്ഞെടുപ്പ് അക്രമങ്ങൾ അഴിച്ചുവിട്ട് തകർക്കുക എന്നതാണത്. തദ്ദേശ തിരഞ്ഞെടുപ്പിനുമുണ്ട് മുമ്പെങ്ങുമില്ലാതിരുന്ന ഒരു പ്രത്യേകത.
ഭരണഘടനാ ഭേദഗതികളിലൂടെ കാശ്മീരിൽ പുതിയ ഭരണക്രമം നിലവിൽ വന്നശേഷം അവിടെ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. മൂന്നു മേഖലകളായി തിരിച്ച് കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റിയശേഷം ജമ്മുകാശ്മീരിൽ ജനങ്ങൾക്ക് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ ലഭിക്കുന്ന ആദ്യ അവസരം കൂടിയാണിത്. ഭരണക്രമം മാറ്റിയതിനെതിരെ പ്രതിഷേധിക്കുന്നവർ ഇപ്പോഴും അവിടെയുണ്ട്. അവരുടെ വികാരം ആളിക്കത്തിക്കാനും ജില്ലാ വികസനസമിതി തിരഞ്ഞെടുപ്പ് പ്രക്രിയ അലങ്കോലപ്പെടുത്താനും തീവ്ര പ്രാദേശിക വികാരം ഉള്ളിൽ കെടാതെ സൂക്ഷിക്കുന്ന തദ്ദേശവാസികൾക്ക് പ്രചോദനം നൽകാനുമാണ് അതിർത്തിക്കപ്പുറത്തുനിന്ന് പാകിസ്ഥാൻ കടത്തിവിടുന്ന ഭീകരവാദികളുടെ ചെറു സംഘങ്ങൾ. നുഴഞ്ഞുകയറാൻ ധാരാളം പഴുതുള്ള അതിർത്തിയിലൂടെ ഇപ്രകാരം എത്തിയ ഒരു സംഘത്തിലുൾപ്പെട്ട നാല് ഭീകരന്മാരാണ് മൂന്നുദിവസം മുൻപ് ചെക് പോസ്റ്റിൽ ഇന്ത്യൻ സുരക്ഷാസേനയുടെ വെടിയേറ്റ് മരണം പൂകിയത്. അതിനുമുമ്പ് അതിർത്തിയിൽ പാക് പട്ടാളക്കാർ നടത്തിയ ആക്രമണത്തിൽ നമ്മുടെ ഏതാനും സേനാംഗങ്ങൾ വീരമൃത്യു വരിച്ചിരുന്നു. ഇതിന് പാകിസ്ഥാൻ ഭാഗത്തുള്ള ബങ്കറുകളും കാവൽസ്ഥാനങ്ങളും തകർത്തുകൊണ്ടാണ് ഇന്ത്യ പ്രതികരിച്ചത്. എട്ടോളം പാക് ഭടന്മാർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം. ഈ സംഭവങ്ങൾ പുക പടർത്തി നിൽക്കുന്നതിനിടയിലാണ് മൂന്നുദിവസം മുൻപ് ജെയ്‌ഷെ ഭീകര ഗ്രൂപ്പിൽപ്പെട്ട നാലുപേരെ ടോൾ പ്ളാസയിൽ പരിശോധനയ്ക്കിടെ സുരക്ഷാസേന വകവരുത്തിയത്. ഇവർ സഞ്ചരിച്ചിരുന്ന ട്രക്കിൽ നിറയെ ആയുധങ്ങളായിരുന്നു. കാശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ കുഴപ്പങ്ങൾ ഉണ്ടാക്കാൻ വേണ്ടി കൊണ്ടുവന്നതായിരുന്നു ഈ ആയുധശേഖരം. തക്കസമയത്ത് പിടികൂടാനായതിനാൽ തിരഞ്ഞെടുപ്പുകാലത്ത് വലിയ ദുരന്തങ്ങൾ ഒഴിവാക്കാനായി. ആദ്യകാലം തൊട്ടേ ജമ്മുകാശ്മീരിൽ ഏതുവിധ ജനാധിപത്യ പ്രക്രിയകളെയും അട്ടിമറിക്കാൻ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കാറുള്ള പാകിസ്ഥാൻ ഇപ്പോഴും അതിനുള്ള അജണ്ടയുമായാണ് നിൽക്കുന്നത്. അതിർത്തിയിലും കാശ്മീരിലും സദാ സംഘർഷവും അരക്ഷിതത്വവും നിലനിറുത്തി അതിലൂടെ കാശ്മീർ ജനതയെ ചട്ടുകമാക്കാൻ എത്രയോ കാലമായി പാകിസ്ഥാൻ ശ്രമിക്കുകയാണ്. പ്രാദേശികമായി ഇതിന് അവർക്ക് ഒത്താശയും സഹായവും ലഭിക്കുന്നുമുണ്ട്. കാശ്മീരിന് പ്രത്യേക അവകാശങ്ങളും അധികാരങ്ങളും നൽകിയിരുന്ന 370-ാം വകുപ്പ് പാർലമെന്റ് റദ്ദാക്കിയിട്ട് ഒരുവർഷം കഴിയുന്നു. കാശ്മീരിൽ അതിനെതിരെ പ്രതിഷേധിക്കുന്നവർ ഇപ്പോഴുമുണ്ട്. എന്നിരുന്നാലും പ്രതീക്ഷിച്ചതുപോലുള്ള സംഘർഷാവസ്ഥ ഒഴിവാക്കാൻ കഴിഞ്ഞിട്ടുണ്ട്. നടക്കാൻ പോകുന്ന ജില്ലാ വികസന കൗൺസിൽ തിരഞ്ഞെടുപ്പ് ആദ്യത്തെ പരീക്ഷണ ഘട്ടമാണെന്നു പറയാം.
പാകിസ്ഥാൻ ഊട്ടിവളർത്തുന്ന കൊടുംഭീകര സംഘടനകളിലൊന്നു മാത്രമാണ് ജയ്‌ഷെ മുഹമ്മദ്. ഈ ഗ്രൂപ്പിൽപ്പെട്ടവരെ രഹസ്യമായി കാശ്മീരിലേക്ക് കടത്തിവിട്ട് തിരഞ്ഞെടുപ്പ് കലക്കാൻ പാകിസ്ഥാൻ ഇനിയും ശ്രമിക്കുമെന്ന് തീർച്ചയാണ്. ജമ്മു - ശ്രീനഗർ ഹൈവേയിലുണ്ടായ ഏട്ടുമുട്ടലിൽ നാല് ഭീകരർ വധിക്കപ്പെട്ട സംഭവത്തിൽ ഇന്ത്യ ഔദ്യോഗികമായി പാകിസ്ഥാനെ പ്രതിഷേധമറിയിച്ചിട്ടുണ്ട്. പാക് ഹൈക്കമ്മിഷണറെ വിദേശകാര്യ വകുപ്പിൽ വിളിച്ചുവരുത്തിയായിരുന്നു ഇത്. എന്നാൽ ഇത്തരം പ്രതിഷേധം കൊണ്ട് പ്രത്യേകിച്ചു ഫലമൊന്നുമില്ലെന്ന് അറിയാം. പഠിച്ചതേ പാടുകയുള്ളൂ എന്നു പറഞ്ഞതുപോലെ പാക് ഭരണകൂടം സേനയുടെ നിയന്ത്രണത്തിലും സമ്മർദ്ദത്തിലും തുടരുന്നിടത്തോളം ഭീകരഗ്രൂപ്പുകൾ അതിർത്തി കടന്ന് എത്തിക്കൊണ്ടേയിരിക്കും. വന്നുകയറി സർവനാശം വിതയ്ക്കുന്നതിനു കാത്തിരിക്കാതെ അതിർത്തിയിലുടനീളം നിരീക്ഷണവും പരിശോധനയും പഴുതില്ലാത്ത വിധം ശക്തമാക്കുകയാണു പോംവഴി. ഈ വർഷം ഇതുവരെ പാകിസ്ഥാൻ നാലായിരത്തിലധികം തവണയാണ് വെടിനിറുത്തൽ കരാർ ലംഘിച്ചത്. ഇതിനർത്ഥം സമാധാനത്തിന്റെ പാത അവർ ആഗ്രഹിക്കുന്നേയില്ലെന്നാണ്. ചുട്ട മറുപടിയിലൂടെ മാത്രമേ കാര്യങ്ങൾ പാകിസ്ഥാനെ ബോദ്ധ്യപ്പെടുത്താനാവൂ. കേവലം നാല് ഭീകരന്മാരെ വധിക്കാൻ കഴിഞ്ഞത് വലിയ ആശ്വാസമായി കരുതരുത്. സംഘത്തിൽപ്പെട്ടവർ ഇനിയും തക്കംനോക്കി മാളങ്ങളിലുണ്ടാകും. നേരത്തെ കണ്ണുവെട്ടിച്ച് ഇപ്പുറത്തേക്കു കടന്നവരും ഉണ്ടായേക്കും. കാശ്മീരിലെ വോട്ടെടുപ്പ് കഴിയുന്നതുവരെ നിതാന്ത ജാഗ്രത മാത്രമാണ് പോംവഴി.
മുംബയ് ഭീകരാക്രമണത്തിന്റെ വാർഷികം നവംബർ 26-നാണ്. അതോടനുബന്ധിച്ച് പാക് ഭീകര ഗ്രൂപ്പുകൾ ഇന്ത്യയിൽ വിവിധയിടങ്ങളിൽ വൻ പ്രഹരത്തിന് പദ്ധതിയിടുകയാണെന്ന വിവരം ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ചിരുന്നു. മുംബയ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിലൊരാളായ കൊടും ഭീകരൻ ഹാഫിസ് സയ്യിദിന് പാകിസ്ഥാനിലെ കോടതി രണ്ടുദിവസം മുൻപ് പത്തുവർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. ഇപ്പോൾ പാക് ജയിലിൽ കഴിയുന്ന എഴുപതുകാരനായ സയ്യിദിന്റെ തലയ്ക്ക് അമേരിക്ക പത്തുദശലക്ഷം ഡോളർ ഇനാം പ്രഖ്യാപിച്ചിരുന്നു. കൊടും ഭീകരതയ്ക്ക് കുപ്രസിദ്ധിയാർജ്ജിച്ചിട്ടുള്ള ജമാ അദ്ദു ദുവായുടെ അനിഷേധ്യ നേതാവായ സയ്യീദിനെതിരെ നാല്പത്തൊന്നു കേസുകളാണ് പാകിസ്ഥാനിൽ മാത്രം നിലവിലുള്ളത്. മുംബയ് കേസിനോടനുബന്ധിച്ച് സയ്യീദിനെ വിട്ടുനൽകണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാൻ നിരാകരിക്കുകയാണുണ്ടായത്. അയാൾ എവിടെയാണെന്നുപോലും അറിയില്ലെന്നുവരെ പാകിസ്ഥാൻ നിലപാടെടുത്തിരുന്നു. അന്താരാഷ്ട്ര സമ്മർദ്ദം ഏറുകയും തുടർന്നും കരിമ്പട്ടികയിൽ നിൽക്കേണ്ടിവരികയും ചെയ്തപ്പോഴാണ് സയ്യീദിന്റെ വിചാരണയ്ക്കു പാകിസ്ഥാൻ നടപടിയെടുത്തത്. ഇന്ത്യയ്ക്കെതിരായ നിഴൽയുദ്ധത്തിന് ഇതുപോലുള്ള ഭീകര ഗ്രൂപ്പുകളുടെ സഹായവും ആവശ്യമായതിനാലാണ് അവരെ പാകിസ്ഥാൻ ചെല്ലും ചെലവും നൽകി വളർത്തുന്നത്.