cpm

തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിനെ അട്ടിമറിക്കാനുള്ള ക്രിമിനൽ ഗൂഢാലോചനയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഭാഗമാണെന്ന് വ്യക്തമാക്കുന്നതാണ് അവരുടേതായി ചില മാദ്ധ്യമങ്ങളിൽ വന്ന പ്രതികരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു.

സ്വർണക്കടത്ത് കേസിലെ പ്രതിയുടേതായി പുറത്തുവന്ന ശബ്ദസന്ദേശത്തെക്കുറിച്ച് ബി.ജെ.പിയും കോൺഗ്രസും പറയുന്നത് ആവർത്തിക്കുകയാണ് ഇ.ഡി. ആവശ്യമായത് തിരഞ്ഞെടുത്ത് ചോർത്തിക്കൊടുക്കുന്ന രീതിയിലാണ് ഔദ്യോഗിക കുറിപ്പല്ലാതെ ഇ.ഡി വൃത്തങ്ങളുടേതായി വന്ന വാർത്തയും.
ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാനായി ഇ.ഡി ശ്രമിച്ചെന്ന അതീവഗൗരവമായ വെളിപ്പെടുത്തലാണ് ശബ്ദസന്ദേശത്തിലുള്ളത്. ഇത് നിഷേധിക്കാൻ ഇതുവരെ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ല. പ്രതിയുടെ മൊഴിയായി ഇ.ഡി സമർപ്പിച്ച രേഖയുടെ വിശ്വാസ്യതയിൽ കോടതി തന്നെ സംശയം രേഖപ്പെടുത്തിയിരുന്നു. രാഷ്ട്രീയ നേതൃത്വത്തിന്റെ പേര് പറയാൻ നിർബന്ധിക്കുന്നെന്ന പരാതി മറ്റൊരു പ്രതി കോടതിയിൽ പരസ്യമായി പറഞ്ഞിരിക്കുന്നു.
ഇ.ഡിയുടെ വിശ്വാസ്യത തകർക്കാനാണ് നീക്കമെന്ന വിശദീകരണം പരിഹാസ്യമാണ്. ദിവസേന സ്വയം വിശ്വാസ്യത തകർത്തുകൊണ്ടിരിക്കുന്ന ഏജൻസിയായി ഇ.ഡി മാറിക്കഴിഞ്ഞു. കാലാവധി കഴിഞ്ഞ ഇ.ഡി ഡയറക്ടർക്ക് തികച്ചും അസാധാരണമായ നിലയിൽ ജോലി നീട്ടിക്കൊടുത്ത കേന്ദ്രത്തിന്റെ ദുഷ്ടലാക്ക് നിയമവിദഗ്ദ്ധർ തുറന്നു വിമർശിച്ചതിന്റെ പശ്ചാത്തലത്തിൽ വേണം ഇ.ഡിയുടെ വിശ്വാസ്യത വിലയിരുത്താൻ. സ്വർണക്കടത്ത് അന്വേഷിക്കാൻ വന്നവർ അതൊഴികെയുള്ളതെല്ലാം അന്വേഷിച്ച് സർക്കാരിനെ ലക്ഷ്യം വയ്ക്കാനും അട്ടിമറിക്കാനുമാണ് ശ്രമിക്കുന്നത്.

ചെന്നിത്തല കേരളത്തിലെ

ജ്യോതിരാദിത്യ സിന്ധ്യ

ബി.ജെ.പിയും ഇ.ഡിയും പറഞ്ഞ ന്യായങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവർത്തിച്ചിരിക്കുന്നു. രാഷ്ട്രീയ ഉപകരണമാണ് കേന്ദ്ര ഏജൻസികളെന്ന കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിന്റെ നിലപാട് തള്ളി ഇ.ഡിയുടെ വക്താവായി ചെന്നിത്തല മാറി. കേരളത്തിലെ ജ്യോതിരാദിത്യ സിന്ധ്യ ആയാണ് ചെന്നിത്തലയെ ബി.ജെ.പി കാണുന്നത്.