ezhakulam

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയിലെ ഈഴകുളത്തിന്റെ പുനരുദ്ധാരണം വൈകുന്നതിനെതിരെ പ്രതിഷേധം ശക്തം. മാലിന്യം നിറഞ്ഞ് കൊതുകുകൾ പെരുകിയ കുളത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നത് സംബന്ധിച്ച് വോട്ടുതേടിയെത്തുന്ന സ്ഥാനാർത്ഥികളും മൗനം പാലിക്കുന്നതാണ് ജനങ്ങളുടെ പ്രതിഷേധത്തിന് കാരണം. നഗരസഭയിലെ ആലുമൂട് വാർഡിലാണ് ഈഴകുളം സ്ഥിതിചെയ്യുന്നത്. വർഷങ്ങളായി ഒഴുകിയെത്തുന്ന മലിനജലം കാരണം കുളം കാളിന്ദിക്ക് സമാനമാണ്. നെയ്യാറ്റിൻകര ടൗണിൽ നിന്നുള്ള മാലിന്യമാണ് കുളത്തിന് ശാപമാകുന്നത്.

ഈ വാർഡിൽ ചിലർക്ക് മന്ത് രോഗം ബാധിച്ചതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതൊന്നും കുളത്തിന്റെ നവീകരണത്തിന് കാരണമാകുന്നില്ല എന്നതാണ് ശ്രദ്ധേയമായ വസ്തുത. രാജഭരണകാലത്ത് നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരിമാർ ഈ കുളം ഉപയോഗിച്ചിരുന്നു. ജലം മലിനമായതോടെ പൂജാരിമാരും മറ്റുള്ളവരും കുളത്തിൽ നിന്നുള്ള ജലം ഉപയോഗിക്കുന്നത് ഒഴിവാക്കുകയായിരുന്നു. പുതിയ ഭരണസമിതി വരുമ്പോഴെങ്കിലും കുളത്തിന് ശാപമോക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ കാത്തിരിക്കുന്നത്.

മറുപടിയില്ലാതെ അധികൃതർ

നഗരസഭയുടെ മൗനാനുമതിയോടെയാണ് കുളത്തിലേക്ക് മലിനജലം ഒഴുക്കിവിടുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. നെയ്യാറ്റിൻകര ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലെയും വീടുകളിലേയും മാലിന്യം ഇതിൽ ഉൾപ്പെടും. കാടും പടർപ്പും നിറഞ്ഞ കുളത്തിന്റെ പരിസരത്ത് ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമായതോടെ ഭയപ്പാടോടെയാണ് ഇതുവഴി ജനങ്ങൾ സഞ്ചരിക്കുന്നത്.

സ്ഥാനാർത്ഥികൾ പ്രതികരിക്കുന്നു......

"കുളം നവീകരിച്ച് മീൻ വളർത്തൽ കേന്ദ്രമാക്കുന്നതിന് നടപടി സ്വീകരിക്കും."

ജി.എൻ.ശ്രീകുമാർ, എൽ.ഡി.എഫ്

"ജനങ്ങളുമായി ആലോചിച്ച് അവരുടെ അഭിപ്രായത്തിനനുസരിച്ച്‌ നവീകരണം നടപ്പാക്കും."

ജയശങ്കർ, യു.ഡി.എഫ്

"ഈഴകുളം നവീകരണ ആക്ഷൻ കൗൺസിലിന്റെ അഭിപ്രായമനുസരിച്ച് കുളം നവീകരിക്കും."

മഞ്ചംതല സുരേഷ്, ബി.ജെ.പി

"ശുചിത്വ മിഷന്റെ സഹായത്താൽ കുളം നവീകരിച്ച് കുളത്തിനു ചുറ്റും നടപ്പാത നിർമ്മിക്കും."

ഹരികുമാർ, സ്വതന്ത്രൻ