വെഞ്ഞാറമൂട്: ജില്ലാ ഹോമിയോ വകുപ്പിന്റെ സഞ്ചരിക്കുന്ന ഹോമിയോ ആശുപത്രി സാധാരണക്കാർക്ക് ആശ്വാസമാകുന്നു.

700 അടി പൊക്കമുള്ള പുല്ലമ്പാറ പഞ്ചായത്തിലെ വാലിക്കുന്ന് കോളനിയിൽ ഡോക്ടർമാർ മരുന്നുമായി എത്തിയപ്പോൾ കോളനിക്കാർക്ക് സന്തോഷം പറയാവുന്നതിനുമപ്പുറത്തായിരുന്നു.

രോഗം കൊണ്ട് നടക്കാൻ ബുദ്ധിമുട്ടുന്ന 85 വയസ് പിന്നിട്ട പത്മാവതി അമ്മ, 80ത് കഴിഞ്ഞ നാണി, മണിയൻ.... തുടങ്ങിയ കോളനിക്കാർ ചികിത്സയ്ക്കായി പുറം നാടുകളിൽ പോകുന്ന ദുരിതം വാക്കുകൾക്കിപ്പുറമാണ്. നൂറിലധികം പടികളും ഇടുങ്ങിയ മൺപാതകളും താണ്ടി വേണം സർക്കാർ ആശുപത്രികളിൽ പോകാൻ.

യാത്രാദുരിതം കരുതി പ്രായമായവർ വേദനകൾ സഹിച്ച് കൂരകളിൽ ജീവിതം തള്ളി നീക്കുകയാണ് ചെയ്യുന്നത്. ഈ സമയത്താണ് ഡോ. ബീനയും ഡോ. ഷീലാകുമാരിയും ഒരു മാസത്തെ മരുന്നുമായി മലമ്പാത താണ്ടി തങ്ങളുടെ വീട്ടുമുറ്റത്ത് എത്തിയത്. വാർദ്ധക്യ ജീവിതത്തിൽ കിട്ടിയ വലിയ സൗഭാഗ്യമായാണ് പാവം കോളനിക്കാർക്ക് ഇത് അനുഭവപ്പെട്ടത്.

ജില്ലാ ഹോമിയോ വകുപ്പിന്റെ സഞ്ചരിക്കുന്ന ആശുപത്രിയുടെ ഭാഗമായാണ് ഡോ. ബീനയും ഡോ. ഷീലാകുമാരിയും അടങ്ങുന്ന ആരോഗ്യ സംഘം കോളനിയിലെത്തിയത്.

പുല്ലമ്പാറയിൽ വാലിക്കുന്നിന് പുറമേ ധൂളിക്കുന്ന്, വട്ടയം എന്നീ കോളനികളിലാണ് സഞ്ചരിക്കുന്ന ആശുപത്രി സേവനമെത്തുന്നത്.

പെരിങ്ങമ്മല പഞ്ചായത്തിലെ വനമേഖലയായ ഇയ്യാക്കോട്ടാണ് സഞ്ചരിക്കുന്ന ആശുപത്രി എത്തുന്നത്. ഡോ. രാജീവ് എബ്രഹാം, ഡോ .സുമം എന്നിവരുടെ നേതൃത്വത്തിലെ ആരോഗ്യ സംഘമാണ് ഇവിടെ സേവനം നടത്തുന്നത്.

ഇതിന് സമീപത്തെ ട്രൈബൽ സെറ്റിൽമെന്റുകളിലുള്ളവർക്ക് ഇയ്യാക്കോടുള്ള സഞ്ചരിക്കുന്ന ആശുപത്രി ചികിത്സയും മരുന്നും നൽകും.

കുറ്റിച്ചൽ പഞ്ചായത്തിലെ മുക്കുത്തിവയൽ വനത്തിലാണ് സഞ്ചരിക്കുന്ന ആശുപത്രിയെത്തുന്നത്. ഉൾവന മേഖലയായ പട്ടാണിപ്പാറ, ആമോട്, പൊടിയം, പാറ്റാംപാറ തുടങ്ങിയ ട്രൈബൽ സെറ്റിൽ മെന്റിലുള്ളവർക്കാണ് ഇവിടെ ചികിത്സ നൽകുന്നത്. ഡോ. മീരാ റാണി, ഡോ .ദിവ്യ. പി.എസ്. ഡോ. ദിവ്യാ ജെ.എസ്. എന്നിവരടങ്ങുന്ന ആരോഗ്യ സംഘമാണ് ചികിത്സ നൽകുന്നത്. മാസത്തിൽ ഒരു തവണയാണ് സഞ്ചരിക്കുന്ന ആശുപത്രികൾ ഈ സ്ഥലങ്ങളിലെത്തുന്നത്. ഒരു മാസത്തേക്കുള്ള മരുന്നുകളും നൽകും. ഡോക്ടർമാർക്ക് പുറമെ ജനപ്രതിനിധികൾ, ഫാർമസിസ്റ്റുകൾ, അശാവർക്കർമാർ, എസ്.സി - എസ്.ടി പ്രൊമോട്ടർമാർ തുടങ്ങിയവരും പ്രവർത്തനത്തിൽ പങ്കാളികളാകുന്നുണ്ട്.