mount-huashan-china

ചൈനയിലെ ഒരു പർവ്വതക്ഷേത്രത്തിലേക്കുള്ള പടികളെ സ്വർഗത്തിലേക്കുള്ള പടികൾ എന്നുവിളിക്കുന്നതിൽ അദ്ഭുതപ്പെടാനില്ല. കാരണം സ്വർഗത്തലേക്കുള്ള വഴി ഇടുങ്ങിയതും ദുർഘടം പിടിച്ചതുമാണെന്നാണല്ലോ ചൊല്ല്. ഇവിടെത്ത ട്രെക്കിംഗ് ലോകത്തിലെ ഏ​റ്റവും അപകടം പിടിച്ചത് എന്നു വിശേഷിപ്പിക്കാം. ഹുവായിൻ എന്ന സ്ഥലത്തെ ഹുവാഷാൻ പർവ്വതത്തിലേക്കുള്ള യാത്ര പ്രകൃതിയുടെ ദുർഘടസൗന്ദര്യം ആസ്വദിച്ചു കൊണ്ടാണ് നടത്താൻ കഴിയുക. പർവ്വതത്തിന്റെ മുകളിൽ സ്ഥിതി ചെയ്യുന്ന ട്രീ ഹൗസിലേക്കും പുരാതന ബുദ്ധമത ക്ഷേത്രത്തിലേക്കുമുള്ള പടികളാണ് സ്വർഗീയ പടികൾ എന്നപേരിൽ ലോകം മുഴുവൻ അറിയപ്പെടുന്നത്.

ഓരോ വർഷവും ആയിരക്കണക്കിന് 'ധൈര്യവാൻ"മാരായ സഞ്ചാരികളാണ് ഹുവാഷാൻ പർവ്വതനിരയിലേക്ക് എത്തുന്നത്.

പർവതത്തിന്റെ തെക്ക് ഭാഗത്തായി 2,160 മീ​റ്റർ ഉയരത്തിലാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. ഹുവാഷാൻ പർവ്വതം ഉൾക്കൊള്ളുന്ന അഞ്ച് കൊടുമുടികളിൽ സ്ഥിതി ചെയ്യുന്ന നിരവധി താവോയിസ്​റ്റ് ക്ഷേത്രങ്ങളിൽ ഒന്നാണ് പർവതത്തിന്റെ മുകളിലുള്ള ടീഹൗസും ക്ഷേത്രവും. ഈ പ്രദേശത്തെ ആദിമ നിവാസികൾ സന്യാസം അഭ്യസിച്ചപ്പോൾ അവരുടെ ദൈനംദിന ധ്യാനത്തോടൊപ്പം ഒരു കപ്പ് ചായയും ഉണ്ടായിരുന്നുവത്രെ. അങ്ങനെയാണ് ക്ഷേത്രത്തോടൊപ്പം ടീ ഹൗസും സ്ഥാപിക്കപ്പെട്ടത്.

പർവതശിഖരത്തലേക്കുള്ള വഴി ആരംഭിക്കുന്നത് ''ഹെവൻലി സ്റ്റെയേർസ്'' എന്ന് വിളിപ്പേരുള്ള വലിയ പടികളിലാണ്. ഇവിടെയെത്തിയാൽ ആദ്യം തോന്നുക പടികൾ മേഘങ്ങളിലേക്ക് കയറുന്നതുപോലെയാണ്. പടികൾ എവിടെ അവസാനിക്കുന്നുവെന്ന് കാണാൻ കഴിയില്ല.

മുകളിലേക്കുള്ള വഴിയിൽ വീടുകളും ചെറിയ ഗ്രാമങ്ങളും കാണാം. എന്നാൽ, അവിടെയൊന്നും വഴി അവസാനിക്കുന്നില്ല. പടികൾ കടന്നുകഴിഞ്ഞാൽ നേരെ ടീഹൗസിലേക്ക് പോകാം.

ലോകത്തിലെ ഏ​റ്റവും അപകടകരമായ റൂട്ടുകളിലൊന്നാണ് പർവതത്തിന്റെ തെക്ക് ഭാഗം. ചെങ്കുത്തായതും അപകടകരവുമായ മലയുടെ അരികുകളിൽ ഉറപ്പിച്ചിരിക്കുന്ന പലകയിലൂടെ വേണം സഞ്ചരിക്കാൻ. പർവ്വതത്തിൽ തൂക്കിയിരിക്കുന്ന ചങ്ങലകൾ മാത്രമാണ് ബലത്തോടെ പിടിച്ചു നടക്കാനുള്ളത്. ഈ ചങ്ങലകളിൽപിടിച്ച് ഒരാൾക്ക് കഷ്ടിച്ചുനടന്നുനീങ്ങാം, അതും ചരിഞ്ഞ് പാറയോട് ഒട്ടിച്ചേർന്ന്. ഏതുനിമിഷവും ബാലൻസ് തെ​റ്റാം. പിടിവിട്ടാൽ പിന്നെ പൊടിപോലുമുണ്ടാകില്ല. ഓരോ വർഷവും നിരവധിപ്പേർ ഈ സ്വർഗീയ പടികൾ കയറാനാകാതെ താഴെ അഗാധതയിലേക്ക് വീണുപൊലിയുന്നുണ്ട്.