തായ് വാനിലെ ജിൻഷാൻ മലനിരകൾക്ക് തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഹുവാങ്വാംഗ് ഫിഷിംഗ് പോർട്ട് ഒറ്റ നോട്ടത്തിൽ മറ്റേതൊരു തുറമുഖ നഗരവും പോലെ തന്നെയാണ്. ജിൻഷാൻ കുവാംഗ് നദി കടലിനോട് ചേരുന്നത് ഇവിടം പ്രധാനപ്പെട്ട മീൻപിടിത്ത തുറമുഖമായതിനാൽ മരതകനീല നിറമുള്ള വെള്ളത്തിലെങ്ങും നിരനിരയായി വിശ്രമിക്കുന്ന ബോട്ടുകൾ കാണാം. എന്നാൽ, സഞ്ചാരികളെ ആകർഷിക്കുന്ന സവിശേഷമായ മറ്റൊരു കാര്യമാണ് ഇൗ തുറമുഖത്തെ വ്യത്യസ്തമാക്കുന്നത്.
ചുഴലിക്കാറ്റ് സീസണിലാണ് വിസ്മയകരമായ ഈ കാഴ്ച കാണാനാവുക. ഈ കാലത്ത് പകൽ മാഞ്ഞു തുടങ്ങുന്നതോടെ ഹുവാങ്വാംഗിന്റെ മുഖച്ഛായയും പതിയെ മാറുന്നു. ഇതിനു കാരണമോ, പതിറ്റാണ്ടുകളായി ഇവിടത്തെ മത്സ്യത്തൊഴിലാളികൾ ചെയ്തു പോരുന്ന 'ഫയർ ഫിഷിംഗ്' എന്ന കലാപരമായ മീൻപിടിത്തവും. തീ കത്തിച്ച് മീനുകളെ ആകർഷിച്ചു പിടിക്കുന്ന ഒരു പ്രത്യേക തരം മത്സ്യബന്ധനരീതിയാണിത്. ആ കാഴ്ച കാണാൻ മാത്രമായി എത്തുന്ന ലോകസഞ്ചാരികൾ ധാരാളമുണ്ട്.
സൾഫർ നിക്ഷേപം ധാരാളമുള്ള നാടാണ് ജിൻഷാൻ. മീൻ പിടിക്കുന്ന സമയത്ത് തൊഴിലാളികൾ ബോട്ടിൽ നിന്നുകൊണ്ട് മൃദുവായ സൾഫർ പാറകൾ കൂട്ടിയുരയ്ക്കുന്നു. ഇതിൽ നിന്ന് പുറത്തു വരുന്ന വാതകം ബോട്ടിന്റെ പിൻഭാഗത്ത് കത്തിച്ചു വച്ചിരിക്കുന്ന പന്തത്തിന്റെ ദിശയിലേക്ക് സഞ്ചരിക്കുമ്പോൾ അതീവപ്രഭയോടെ തീജ്വാലകൾ ഉണ്ടാകും.
തീ കാണുമ്പോൾ ഇൗയാംപാറ്റകൾ പാഞ്ഞടുക്കുന്ന പോലെ ആയിരക്കണക്കിന് മത്സ്യങ്ങൾ ജലോപരിതലത്തിലെത്തും. പിന്നെ വലയിലാക്കിയാൽ മതി. ചില സമയങ്ങളിൽ 12 മണിക്കൂർ വരെ ഇത്തരത്തിലുള്ള മത്സ്യബന്ധനം നീണ്ടു നിൽക്കും.
എന്നാൽ പുതിയ തലമുറയിൽപ്പെട്ട മത്സ്യബന്ധനത്തൊഴിലാളികൾ ഈ രീതി അവലംബിക്കുന്നില്ല. പഴയ ആളുകളാണ് ഒരു ആഘോഷമോ അനുഷ്ഠാനമോ പോലെ ഫയർ ഫിഷിംഗ് നടത്തിയിരുന്നത്.
ജിൻഷാന്റെ സംസ്‌കാരത്തിന്റെ ഭാഗമായ ഈ മീൻപിടിത്ത രീതിയെ പുനരുജ്ജീവിപ്പിക്കുന്നതിനായി പ്രാദേശിക സംഘടനകൾ രംഗത്തു വന്നിട്ടുണ്ട്. മേയ് മുതൽ ജൂൺ വരെ ഇവിടെ 'സൾഫറിക്ക് ഫയർ ഫിഷിംഗ് ഫെസ്റ്റിവൽ' നടക്കുന്നു.