തിരുവനന്തപുരം: രാവിലെ വോട്ടഭ്യർത്ഥിച്ച് രമപ്രിയ പരുത്തിവിളയിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ മകൻ ആദിൽ ഓർമ്മപ്പെടുത്തും 'അമ്മേ കുഞ്ഞുവാവയെ ശ്രദ്ധിച്ചോളണേ". ചിലപ്പോൾ ആ മൂന്നര വയസുകാരൻ കൂടി അമ്മയ്ക്കൊപ്പമിറങ്ങും. കുഞ്ഞുവാവ അമ്മയുടെ വയറ്റിലാണ്. അഞ്ചുമാസം ഗർഭിണിയാണ് വെങ്ങാനൂർ പഞ്ചായത്തിലെ ഓഫീസ് വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമപ്രിയ.
വോട്ട് ചോദിച്ച് വീടുകളിലെത്തുമ്പോൾ മിക്കവരും അകത്തേത്ത് ക്ഷണിക്കും. കൊവിഡ് കാലത്ത് അത് ശരിയല്ലെന്നു പറയുമ്പോൾ കസേര പുറത്തെത്തും. ഇരുന്നിട്ട് പോയാൽ മതിയെന്നും എന്തെങ്കിലും കഴിക്കണമെന്നും സ്ത്രീകൾക്ക് നിർബന്ധം. വോട്ടു ചോദിച്ച ശേഷം ഇറങ്ങുമ്പോൾ 'മോളെ സൂക്ഷിച്ചുപോകണേ..." എന്ന് കാരണവന്മാരുടെ ഉപദേശവും. ഈ സ്നേഹമൊക്കെ വോട്ടാകണമെന്നാണ് രമപ്രിയയുടെ പ്രാർത്ഥന.
മണ്ഡലം വനിതാ സംവരണമായപ്പോൾ കോൺഗസ് പ്രദേശിക നേതൃത്വം തിരഞ്ഞെടുത്തത് രമപ്രിയയെയായിരുന്നു. കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ കെ.എസ്.യു പ്രവർത്തകയായിരുന്ന രമപ്രിയ കൊവിഡ് കാലത്തുൾപ്പെടെ സാമൂഹ്യപ്രവർത്തന രംഗത്തും സജീവമാണ്. പക്ഷേ ഗർഭകാലത്ത് വോട്ട് തേടൽ പ്രശ്നമാകുമെന്ന് എല്ലാവരും കരുതി. ഓട്ടോ ഡ്രൈവറും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമാണ് ഭർത്താവ് ഫിറോസ് രമപ്രിയയ്ക്ക് ധൈര്യം നൽകി. ഈ വാർഡ് രൂപീകരിച്ചപ്പോൾ ഒരിക്കൽ മാത്രമാണ് കോൺഗ്രസ് സ്ഥാനാർത്ഥി ഇവിടെ പരാജയപ്പെട്ടത്. എൽ.ഡി.എഫായി ആശാഗോപനും എൻ.ഡി.എയ്‌ക്കായി ജയകുമാരിയും മത്സരിക്കുന്നു.
'മൂന്നു റൗണ്ട് പ്രചാരണം കഴിഞ്ഞു. ഗർഭിണിയാണെന്നു കരുതി ആരും മാറ്റിനിറുത്തുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്നില്ല. ഇതുവരെ ബുദ്ധിമുട്ടൊന്നുമില്ല. നല്ലഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് കരുതുന്നത്".
- രമപ്രിയ