കടയ്‌ക്കാവൂർ: ശക്തമായ മുന്നൊരുക്കങ്ങളുമായി മൂന്ന് മുന്നണികളും പ്രവർത്തനം ആരംഭിച്ചതോടെ അഞ്ചുതെങ്ങ് പഞ്ചായത്തിൽ പൊടിപാറും പോരാട്ടം. 14 വാർഡുകളുള്ള പഞ്ചായത്തിൽ ഭരണകക്ഷിയായ യു.ഡി.എഫും പ്രതിപക്ഷമായ എൽ.ഡി.എഫും എല്ലാ സീറ്റുകളിലും സ്ഥാനാർത്ഥികളെ രംഗത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിൽ മൂന്ന് വാർഡുകളിൽ മാത്രം ഒതുങ്ങിയ എൻ.ഡി.എ ഇക്കുറി പത്ത് വാർഡുകളിലാണ് മത്സരരംഗത്തുള്ളത്. പഞ്ചായത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ ഭരണത്തുടർച്ച ഉറപ്പാക്കുമെന്നാണ് യു.ഡി.എഫ് അവകാശപ്പെടുന്നത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ വികസനപദ്ധതികൾ തങ്ങളെ അധികാരത്തിലെത്തിക്കുമെന്നാണ് എൽ.ഡി.എഫിന്റെ ആത്മവിശ്വാസം. എൽ.ഡി.എഫ് - യു.ഡി.എഫ് ഭരണസമിതികളുടെ ഭരണപരാജയവും കേന്ദ്രസർക്കാരിന്റെ വികസന കാഴ്ചപ്പാടും മികച്ച വിജയത്തിന് സഹായിക്കുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്.