തിരുവനന്തപുരം: രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഉത്തമമാണെന്ന പെരുമയുള്ള സുഗന്ധവ്യഞ്ജനങ്ങൾക്ക് കൊവിഡ് കാലത്ത് മികച്ച ഡിമാൻഡ് കിട്ടിയെങ്കിലും ഏലം ഏറ്റുവാങ്ങിയത് കനത്ത നിരാശ. കൊവിഡിൽ 50 ശതമാനമാണ് ഏലം വിലയിടിഞ്ഞത്. അതേസമയം, തേയില നല്ല മുന്നേറ്റമുണ്ടാക്കി.
ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'കേരള എക്കണോമിയിൽ" മുൻ ഡയറക്‌ടർ ഡോ.ഡി. നാരായണയും സ്വതന്ത്ര ഗവേഷക ഷഗിഷ്‌ണയുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെ ആകെ കൃഷിഭൂമിയിൽ 12 ശതമാനവും കുരുമുളക്, ഏലം, തേയില, കാപ്പി എന്നിവയാണ്. വയനാട്ടിലെ ആകെ കൃഷിയുടെ 80 ശതമാനവും ഇവയാണ്; ഇടുക്കിയിലെ കൃഷിയിൽ ഇത് 55 ശതമാനം വരും.
വൻതോതിൽ ചാഞ്ചാടാറുണ്ടെങ്കിലും കുരുമുളകിന്റെ വാർഷിക വിലക്കയറ്റം 30 ശതമാനമാണ്. ഏലത്തിന് 2016-17, 2018-19 വർഷങ്ങളിൽ 50 ശതമാനവും 2019-20ൽ 100 ശതമാനവും വില ഉയർന്നെങ്കിലും കൊവിഡിൽ തിരിച്ചടിയുണ്ടായി. കാപ്പിക്ക് 2010-11 മുതൽ 2014-15 വരെ 60 ശതമാനം വില ഉയർന്നു; തുടർന്ന് രണ്ടുവർഷം വില താഴേക്കിറങ്ങി. ഇപ്പോൾ വില സ്ഥിരതയുണ്ട്.
തേയിലയ്ക്ക് 2010 മുതൽ എട്ടുവർഷം കൊണ്ടാണ് വില ഇരട്ടിച്ചതെങ്കിൽ, കൊവിഡ് കാലത്ത് എട്ടുമാസംകൊണ്ട് വില ഇരട്ടിയോളം ഉയർന്നു.
ഏലവും തേയിലും
വില താരതമ്യം
(2020ലെ വിലനിലവാരം)
ഏലയ്ക്ക
ജനുവരി : ₹3802
ഫെബ്രുവരി : ₹3313
മാർച്ച് : ₹2693
മേയ് : ₹1770
ജൂൺ : ₹1477
ജൂലായ് : ₹1619
ആഗസ്റ്റ് : ₹1683
സെപ്തംബർ : ₹1634
തേയില
ജനുവരി : ₹96
ഫെബ്രുവരി :₹93
മാർച്ച് : ₹93
ഏപ്രിൽ : ₹112
മേയ് : ₹101
ജൂൺ : ₹108
ജൂലായ് : ₹132
ആഗസ്റ്റ് : ₹165
സെപ്തംബർ : ₹186
സുഗന്ധവ്യഞ്ജന പ്രിയം
ഇന്ത്യയിൽ നിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി നടപ്പുവർഷത്തെ ആദ്യപാദത്തിൽ (ഏപ്രിൽ-ജൂൺ) 15 ശതമാനം ഉയർന്നിരുന്നു. രോഗപ്രതിരോധ ശേഷി ഉയർത്താൻ നല്ലതെന്ന ഖ്യാതിയാണ് നേട്ടമായത്.
10,001.61 കോടി രൂപ മതിക്കുന്ന 5.70 ലക്ഷം ടൺ സുഗന്ധവ്യഞ്ജനമാണ് ഇക്കുറി കയറ്റുമതി ചെയ്‌തതെന്നാണ് സ്‌പൈസസ് ബോർഡിന്റെ കണക്ക്. 2019ലെ സമാനപാദത്തിൽ കയറ്റുമതി മൂല്യം 8,858.06 കോടി രൂപയും അളവ് 4.94 ലക്ഷം ടണ്ണുമായിരുന്നു.