photo

നെടുമങ്ങാട്:രണ്ടു പതിറ്റാണ്ടായി ത്രിവർണ പതാകയെ നെഞ്ചേറ്റുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനാണ് ആനാട്. സിറ്റിംഗ് മെമ്പറും നിലവിലെ ഭരണസമിതിയിൽ പ്രതിപക്ഷ നേതാവുമായ ആനാട് ജയൻ 2005 -ൽ സി.പി.എമ്മിൽ നിന്ന് പിടിച്ചെടുത്ത വിജയം ഇതേവരെ തിരികെപ്പിടിക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞിട്ടില്ല. ആ ലക്ഷ്യം കൈവരിക്കാൻ,ജില്ലാ പഞ്ചായത്തിന്റെ അഭിമാന പദ്ധതിയായ 'പാഥേയം" വഴി നൂറുകണക്കിന് അശരണർക്ക് വീടുകളിൽ പൊതിച്ചോറ് എത്തിച്ചുകൊടുത്ത് വാർത്തകളിൽ ഇടംപിടിച്ച പനവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ അദ്ധ്യക്ഷ എസ്.സുനിതയെയാണ് സി.പി.എം കളത്തിലിറക്കിയിരിക്കുന്നത്. ഡിവിഷൻ നിലനിറുത്താൻ ആനാട് ജയന്റെ പിൻഗാമിയായി മുൻ ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മഹിളാ കോൺഗ്രസ് വാമനപുരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയുമായ എ.സാദിയാബീവിയെ രംഗത്തിറക്കി ശക്തമായ പ്രതിരോധം തീർക്കുകയാണ് യു.ഡി.എഫ്. കഴിഞ്ഞ തവണ അയ്യായിരത്തിലേറെ വോട്ട് നേടിയ ബി.ജെ.പി മണ്ഡലം പിടിക്കുക എന്ന ലക്ഷ്യവുമായി എ.ബി.വി.പി നേതാവും ബിരുദാനന്തര ബിരുദധാരിയുമായ ബി.എസ്.അഖിലയെയാണ് ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്. സുനിതയും ഭർത്താവ് അനിൽകുമാറും അറിയപ്പെടുന്ന ടാപ്പിംഗ് തൊഴിലാളികളാണ്. ടാപ്പിംഗിലേർപ്പെട്ടിരിക്കുന്ന സുനിതയുടെ ചിത്രങ്ങളടങ്ങിയ പ്രചാരണ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിലും പോസ്റ്ററുകളിലും വൈറലാക്കാൻ എൽ.ഡി.എഫിന് സാധിച്ചിട്ടുണ്ട്.സാദിയാബീവിയുടെ ഭർത്താവ് ചുള്ളിമാനൂർ അക്ബർഷാ ആനാട് പഞ്ചായത്തിലെ സ്ഥിരം സമിതി ചെയർമാനും പ്രമുഖ കരാട്ടെ പരിശീലകനുമാണ്. സാദിയാബീവിയും കരാട്ടെ പരിശീലകയാണ്. മഹിളാമോർച്ച മണ്ഡലം കമ്മിറ്റി അംഗമായ ബി.എസ്.അഖില എ.ബി.വി.പി നേതാവാണ്. ഭർത്താവ് ആർ.എസ്.രതീഷ് ബി.ജെ.പി വാമനപുരം മണ്ഡലം സെക്രട്ടറിയും. ആനാട് പഞ്ചായത്തിലെ 19 ഉം തൊളിക്കോട് പഞ്ചായത്തിലെ 11 ഉം പനവൂരിലെ 13 ഉം ഉഴമലയ്ക്കലിലെ 7 ഉം വാർഡുകൾ ഉൾപ്പെടെ 51 വാർഡുകൾ അടങ്ങുന്നതാണ് ആനാട് ഡിവിഷൻ. എഴുപത്തിനായിരത്തിലേറെ വോട്ടർമാർ. ആറായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ ആനാട് ജയൻ തിരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫിന് മികച്ച ഭൂരിപക്ഷം നല്കിപ്പോരുന്ന ആനാട് ഒഴികെ മറ്റു മൂന്നു ഗ്രാമപഞ്ചായത്തുകളും ഇടതു ഭരണത്തിലാണ്. 1995 - ൽ സി.പി.എമ്മിലെ വി.കെ മധുവും 2000 - ത്തിൽ ശശികലാ ശിവശങ്കറും ഡിവിഷൻ എൽ.ഡി.എഫ് പക്ഷത്ത് നിറുത്തി. 2005- ലും 2015 -ലും ആനാട് ജയനും 2010 -ൽ ആർ.ജെ മഞ്ജുവും യു.ഡി.എഫ് പക്ഷത്ത് എത്തിച്ചു.