chennithala

തിരുവനന്തപുരം: ബാർ കോഴക്കേസിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അന്വേഷണങ്ങളിലൂടെ നിശ്ശബ്ദനാക്കാമെന്ന് നോക്കേണ്ട. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാൻ നോക്കേണ്ട. സർക്കാരിന്റെ അഴിമതികൾക്കും കൊള്ളകൾക്കുമെതിരായ പോരാട്ടം തുടരും. മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന് തെളിഞ്ഞതോടെ, പ്രതിപക്ഷനേതാവും അങ്ങനെയാണെന്ന് വരുത്താനാണ് നോക്കുന്നത്. ജനങ്ങൾക്ക് ഇതെല്ലാം മനസിലാകും.

" മിസ്റ്രർ പിണറായി വിജയൻ, നിങ്ങളുടെ മുഴുവൻ അഴിമതിയും ഒരു സംശയവുമില്ലാതെ ജനങ്ങളുടെ മുന്നിൽ ഞാൻ കൊണ്ടുവരും. നിങ്ങളുടെ യഥാർത്ഥമുഖം അനാവരണം ചെയ്യും. അതിന് പ്രതിപക്ഷനേതാവെന്ന നിലയിൽ ഞാൻ മുൻകൈയെടുക്കും"- രൂക്ഷമായ ഭാഷയിൽ ചെന്നിത്തല പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോൾ എനിക്ക് ആരെങ്കിലും കോഴപ്പണം തരികയോ വാങ്ങുകയോ ചെയ്തിട്ടില്ല. ആറ് വർഷം മുമ്പ് ആരോപണമുയർന്നപ്പോഴേ ഇത് നിഷേധിച്ചതാണ്. രണ്ട് അന്വേഷണങ്ങൾ നടന്നു. കഴമ്പില്ലെന്ന് കണ്ട് രണ്ടും തള്ളി. ലോകായുക്തയിലും അന്വേഷിച്ച് തള്ളി. കഴിഞ്ഞ യു.ഡി.എഫ് സർക്കാരും ഇന്നത്തെ സർക്കാരും അന്വേഷിച്ചു. ബിജുരമേശ് 164 പ്രകാരം സ്റ്റേറ്റ്മെന്റ് കൊടുത്തപ്പോഴാണ് ഒരു ടേപ്പുണ്ടെന്ന് പറഞ്ഞത്. അഹമ്മദാബാദിലെ പരിശോധനയിലടക്കം ആ ശബ്ദരേഖ വ്യാജമെന്ന് തെളിഞ്ഞതാണ്.

അന്വേഷണറിപ്പോർട്ട് ഇപ്പോൾ വിജിലൻസ് കോടതിയുടെ പരിഗണനയിലാണ്. പുതിയ വെളിപ്പെടുത്തലൊന്നുമില്ലാതെ പ്രാഥമികാന്വേഷണത്തിന് തീരുമാനിക്കുന്നതും കോടതിയലക്ഷ്യമാണ്. മുഖ്യമന്ത്രിയുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണ്. എന്റെ കൈകൾ പരിശുദ്ധമാണ്. ഏതന്വേഷണവും നടക്കട്ടെ. ഇപ്പോഴത്തെ നീക്കങ്ങൾക്കെതിരെ നിയമനടപടി ആലോചിക്കുന്നതായും ചെന്നിത്തല വ്യക്തമാക്കി.