കാഞ്ഞിരംകുളം: മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ജില്ലാ പഞ്ചാത്തിന്റെ കാഞ്ഞിരംകുളം ഡിവിഷനിൽ ഇക്കുറി കന്നിയങ്കക്കാർ തമ്മിലാണ് പ്രധാന മത്സരം. യു.ഡി.എഫിന്റെ കോൺഗ്രസ് സീറ്റിൽ സി.കെ. വത്സലകുമാർ, എൽ.ഡി.എഫിന്റെ ജനതാദൾ (എസ്) സീറ്റിൽ വി.ബി. രാജൻ, എൻ.ഡി.എയുടെ കാമരാജ് കോൺഗ്രസ് സീറ്റിൽ അരുൺ പ്രകാശുമാണ് മൂന്ന് മുന്നണികളിലുമായി പോരാടുന്നത്. ഇതിനോടകം മൂന്ന് സ്ഥാർത്ഥികളും രണ്ട് റൗണ്ട് പ്രചാരണം പൂർത്തിയാക്കി.ഡിവിഷൻ നിലനിറുത്തുകയെന്ന ഉത്തരവാദിത്വമാണ് കോൺഗ്രസിനുള്ളത്. വിദ്യാർത്ഥി - യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവർത്തനത്തിലെത്തിയ സി.കെ. വത്സലകുമാർ കെ.എസ്.യു നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം, ജില്ലാ ജനറൽ സെക്രട്ടറി, ഗ്രന്ഥശാലാ സംഘം നെയ്യാറ്റിൻകര താലൂക്ക് മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയാണ്. എം.എ സോഷ്യോളജി, നിയമം എന്നിവയിൽ ബിരുദം നേടിയിട്ടുണ്ട്.

2005 ലെ എൽ.ഡി.എഫിന്റെ വിജയം ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ജനതാദൾ (എസ്). അടിയന്തരാവസ്ഥ കാലത്ത് ഇടതുമുന്നണിയുടെ ഭാഗമായി കോവളം നിയോജക മണ്ഡലത്തിൽ ഡോ. എ. നീലലോഹിതദാസ് മത്സരിക്കുമ്പോൾ ഇലക്ഷൻ പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തുകൊണ്ടാണ് വി.ബി. രാജൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. 1980 - 82ൽ നീലലോഹിതദാസ് നേതൃത്വം നൽകിയ ഡെമോക്രാറ്റിക്ക് സോഷ്യലിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ സ്റ്റുഡന്റ്സ് ഫോർ ഡെമോക്രസിയുടെ നേതാവായി കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ജനതാദൾ (എസ്) കാഞ്ഞിരംകുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയാണ്.

വലത് - ഇടത് മുന്നണികളിൽ നിന്ന് സീറ്റ് പിടിച്ചെടുക്കുക എന്ന ദൗത്യമാണ് കാമരാജ് കോൺഗ്രസ് സ്ഥാനാർത്ഥി അരുൺ പ്രകാശിന്റെ ചുമതല. വി.എസ്.ഡി.പിയിലുടെ സംഘടനാ പ്രവർത്തനരംഗത്ത് സജീവമായ അരുൺ പ്രകാശ് അതിന്റെ ജില്ലാ സെക്രട്ടറിയായിരുന്നു. പിന്നീട് കാമരാജ് കോൺഗ്രസിലേക്ക് ചുവടുമാറ്റിയ അദ്ദേഹം നിലവിൽ പാർട്ടിയുടെ ജില്ലാ സെക്രട്ടറിയാണ്.