pipe

കാട്ടാക്കട: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നിർമ്മാണങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടെ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിന് പാരയായി നോക്കുകൂലി. കൂറ്റൻ പൈപ്പുകളുമായി എത്തുന്ന ലോറിയാണ് തർക്കം കാരണം കാത്തുകിടക്കേണ്ട അവസ്ഥയിലായത്. ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ പൈപ്പ് ഇറക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകുന്നത്. തമിഴ്നാട്ടിൽ നിന്ന് എത്തിക്കുന്ന കൂറ്റൻ പൈപ്പുകൾ ക്രെയിൻ ഉപയോഗിച്ചു മാത്രമേ ഇറക്കാൻ കഴിയൂ. ഇതിനാണ് പൈപ്പ് ഒന്നിന് രണ്ടായിരം രൂപവീതം തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണയും ഇത്തരത്തിൽ പ്രശ്നം ഉണ്ടായപ്പോൾ ഈ തുക നൽകി പ്രശ്നം പരിഹരിക്കുകയായിരുന്നു. ഇതേ തുക ഇപ്പോഴും വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. നോക്കുകൂലി ആവശ്യപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും തൊഴിൽ വകുപ്പും നടപടിയെടുക്കാത്തതാണ് നിർമ്മാണത്തെ ബാധിക്കുന്നത്.

കരാറുകാരന് വലിയ ബാദ്ധ്യത

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പാർക്കിൽ റോഡിന് കുറുകേ വലിയ കലുങ്കുകൾ സ്ഥാപിക്കാതെയും മരങ്ങൾ വെട്ടി നശിപ്പിക്കാതെയും നിർമ്മാണം നടത്താനാണ് കൂറ്റൻ പൈപ്പുകൾ സ്ഥാപിക്കുന്നത്. ഇത് ഇറക്കുന്നതിന് നോക്കുകൂലി നൽകുന്നതിലൂടെ വലിയ നഷ്ടമാണ് കരാറുകാരന് സംഭവിക്കുക. വലിയ പൈപ്പുകൾ ഇറക്കാനോ ഇറക്കുന്ന പൈപ്പുകൾക്ക് നാശം സംഭവിച്ചാൽ ഉത്തരവാദിത്വം ഏൽക്കാനോ തൊഴിലാളികളും തയ്യാറാകുന്നില്ല. വിഷയത്തിൽ കരാറുകാരൻ ലേബർ ഓഫീസുമായി ബന്ധപ്പെട്ടിട്ടും നടപടിയുണ്ടായില്ല. കരാറുകാരും തൊഴിലാളികളും തമ്മിലുള്ള പ്രശ്നം രമ്യമായി പരിഹരിക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം.

പകൽക്കൊള്ള

പൈപ്പ് എത്തിച്ച തമിഴ്‌നാട്ടിൽ ഇതേ ലോഡിന് അകെ കയറ്റുകൂലി 2500രൂപയാണ്. ഈ സമയത്താണ് ഇവിടെ പൈപ്പൊന്നിന് 2000രൂപ ആവശ്യപ്പെടുന്നത്. തൊഴിൽ വകുപ്പ് അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് പരിഹാര നടപടി സ്വീകരിച്ചില്ലെങ്കിൽ നിർമ്മാണ പ്രവൃത്തികൾ വീണ്ടും നീളും. ഇതോടെ ഫെബ്രുവരിയോടെ നിർ‌മ്മാണം പൂർത്തിയാക്കാൻ സാധിക്കാതെ വരുമെന്നാണ് കരാറുകാരൻ പറയുന്നത്.